city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലോര ജാഗ്രതാ സമിതി സജീവം; കടല്‍വഴി ഇനി ഒരു കളിയും നടക്കില്ല, തോണിയിലിറങ്ങിയ ആളെ പോലീസിലേല്‍പിച്ചു

കാസര്‍കോട്:  (www.kasargodvartha.com 16/01/2015) കടല്‍വഴിയുള്ള ഏത് തരത്തിലുള്ള നുഴഞ്ഞുകയറ്റവും അക്രമ ഭീഷണിയും കള്ളക്കടത്തും ഇനി വിലപ്പോവില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജാഗ്രതാ സമിതി രൂപീകരിച്ചതോടെ കടല്‍ വഴിയുള്ള ചെറു ചലനങ്ങള്‍ പോലും പോലീസിന് മണത്തറിയാന്‍ കഴിയുന്നു.

കടല്‍ വഴിയുള്ള നീക്കങ്ങള്‍ അപ്പപ്പോള്‍ പോലീസിന്റെ ചെവിയില്‍ എത്തുന്നു എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ജാഗ്രതാ സമിതിയില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ പ്രത്യേക ക്ലാസും അവര്‍ക്കുള്ള തിരിച്ചറിയല്‍ രേഖകളും നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹകരണം ഉറപ്പായതോടെ ഏറെ ആശ്വാസത്തിലായത് കോസ്റ്റല്‍ പോലീസാണ്.

വെള്ളിയാഴ്ച വൈകിട്ട് വലിയ ഒരു ബോട്ടില്‍ നിന്നും ചെറിയ തോണിയിലേക്ക് ഇറക്കി ഒരാളെ കരയിലേക്ക് അയക്കുന്ന വിവരം കാസര്‍കോട് കോസ്റ്റല്‍ പോലീസിന് വിവരം ലഭിച്ചത് ഈ ജാഗ്രതാ സമിതി അംഗങ്ങള്‍ വഴിയായിരുന്നു. കന്യാകുമാരി പുത്തന്‍തുറയിലെ സോസായി മറിയത്തിന്റെ മകന്‍ എസ്. സുരേഷി(35)നെയാണ് കടലോര ജാഗ്രത സമിതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരത്ത് മകന്‍ ചികിത്സയില്‍ കഴിയുന്ന വിവരം അറിഞ്ഞാണ് പത്തോളം വരുന്ന മത്സ്യബന്ധന സംഘത്തിലെ അംഗമായ സുരേഷിനെ കാസര്‍കോട് കടലോരത്ത് ബോട്ടില്‍ നിന്നും തോണിയില്‍ ഇറക്കിയത്. റോഡ് മാര്‍ഗം തീരുവനന്തപുരത്തേക്ക് പുറപ്പെടാനാണ് സുരേഷ് കസര്‍കോട്ട് ഇറങ്ങിയത്. ജനുവരി ഒന്നിന് കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കാസര്‍കോട്ടെത്തിയപ്പോഴാണ് മകന് അസുഖം കലശലാണെന്ന വിവരം സുരേഷിന് ലഭിച്ചത്.

ഉടന്‍ ആശുപത്രിയിലെത്താന്‍ സുരേഷിനെ ബന്ധുക്കള്‍ മൊബൈല്‍ ഫോണിലൂടെ വിവരം നല്‍കുകയായിരുന്നു. ഒരു മാസത്തെ മത്സ്യബന്ധന സന്നാഹവുമായാണ് ബോട്ട് കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്. 15 ദിവസത്തെ മത്സ്യബന്ധനം മാത്രമേ നടന്നുള്ളു. മത്സ്യം സൂക്ഷിക്കുന്നതിന് ആധൂനിക സംവിധാനമുള്ള ഫ്രീസറും ഭക്ഷണം പാകംചെയ്യുന്നതിനും മറ്റുമുള്ള സാധനങ്ങളും ബോട്ടിലുണ്ട്.

15 ദിവസം കഴിഞ്ഞ് മുരുഡേശ്വരത്ത് മത്സ്യബന്ധനം അവസാനിപ്പിക്കുന്ന ഇവര്‍ കന്യാകുമാരിയിലേക്ക് തിരിച്ചുപോകും. കടലോര ജാഗ്രത സമിതി നല്‍കുന്ന വിലപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ കോസ്റ്റല്‍ പോലീസിനെ സജീവമാക്കിയിരിക്കുന്നത്.

മുമ്പ് ദുരൂഹ സാഹചര്യത്തില്‍ പല തവണ കപ്പല്‍ കണ്ടെത്തിയ വിവരവും മറ്റും നല്‍കിയത് ജാഗ്രത സമിതി അംഗങ്ങളായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കടലിലെ അക്രമ ഭീഷണി നേരിടുന്നതിനുള്ള മോകഡ്രില്ലും കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയിരുന്നു. ഒരു ഉദ്യോഗസ്ഥനെ അജ്ഞാതനെന്ന വ്യാജേന കീഴൂര്‍ കടപ്പുറത്ത് ഇറക്കുകയായിരുന്നു.

കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകള്‍ ഇടതടവിട്ടുള്ള കടലില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ കുമ്പളയിലും തൃക്കരിപ്പൂരിലും പുതിയ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായി കഴിഞ്ഞു. ഈ പോലീസ് സ്‌റ്റേഷനുകള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കോസ്റ്റല്‍ പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയിലാകും. ജില്ലയില്‍ മുഴുവന്‍ സ്ഥലത്തും മത്സ്യത്തൊഴിലാളികളെ ബന്ധപ്പെടുത്തി തീരദേശം ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റല്‍ പോലീസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കടലോര ജാഗ്രതാ സമിതി സജീവം; കടല്‍വഴി ഇനി ഒരു കളിയും നടക്കില്ല, തോണിയിലിറങ്ങിയ ആളെ പോലീസിലേല്‍പിച്ചു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia