Coastal Hartal | കടൽമണൽ ഖനനത്തിനെതിരെ തീരദേശ ഹര്‍ത്താല്‍ പൂർണം; കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്കയോടെ മത്സ്യബന്ധന മേഖല

● 'ഖനനം മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകർക്കും'
● 'മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതമാർഗ്ഗവും ഇല്ലാതാക്കും'
● സംസ്ഥാന സർക്കാരുമായി ആലോചിച്ചില്ലെന്ന് ആക്ഷേപം '
കൊല്ലം: (KasargodVartha) കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനന തീരുമാനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ ആരംഭിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ പൂർണം. കേരള സ്റ്റേറ്റ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നീക്കം മത്സ്യബന്ധന മേഖലയിലാകെ അസ്വസ്ഥതയ്ക്കും, ആശങ്കയ്ക്കും വഴിവെച്ചതായി പ്രതിഷേധക്കാർ പറഞ്ഞു.
തീരമേഖലയിൽ വലിയ സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സംസ്ഥാന സർക്കാറുമായി ആലോചിക്കാതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായ തീരുമാനമെടുത്തുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ഖനനം തീരത്തിന് വൻതോതിലുള്ള ആഘാതം ഏൽപ്പിക്കുമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്.
മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുമെന്നും, മത്സ്യബന്ധനത്തിന് വൻതോതിതിലുള്ള നാശം സംഭവിക്കുമെന്നും മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഖനനം തൊഴിലും, ജീവിതമാർഗവും നഷ്ടപ്പെടുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട്. കേരളത്തിലെ മൂന്ന് ബ്ലോക്കുകളിൽ നിന്നാണ് നിർമ്മാണാവശ്യങ്ങൾക്കുള്ള കടൽ മണൽ ഖനനത്തിന് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.
കൊല്ലം വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും, 3300ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പിൽ നിന്നായിരിക്കും ഖനനം ആദ്യഘട്ടത്തിൽ നടത്തുക. പിന്നീട് സംസ്ഥാനത്തിന്റെ മറ്റു തീരദേശ മേഖലകളിൽ കൂടി പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ കൊല്ലത്തു നിന്ന് 100.33 ദശലക്ഷം മണലാണ് ഊറ്റിയെടുക്കുക. മറ്റു രണ്ട് ബ്ലോക്കുകളിൽ നിന്നായി ശരാശരി 100. 64,101.54 ദശലക്ഷം മണലും ഖനനം ചെയ്യും.
കടൽ മണൽ ഖനനവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സംസ്ഥാന സർക്കാരുമായി വേണ്ട രീതിയിൽ ആശയവിനിമം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഖനനത്തെ അനുകൂലിക്കുന്നില്ലെന്നും ഇത് മത്സ്യ സമ്പത്തിനെ ബാധിക്കുമെന്നുമാണ് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. പ്രതിപക്ഷവും ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ തീരദേശത്ത് പൂർണമാണ്. ഹർത്താലിനോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും പ്രതിഷേധ പ്രകടനങ്ങളും നടക്കും.
വെളുത്ത മണലിന്റെ മുകളിലായി 1.2 മീറ്റർ കനത്തിലുള്ള ചെളിയും, അവശിഷ്ടങ്ങളും അടങ്ങുന്ന മേൽമണ്ണ് നീക്കിയാണ് വെളുത്ത മണൽ പുറത്തെടുത്ത് ഖനനം നടത്തുക. ഇത് സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ, ഖനന ലോഹങ്ങൾ ഇതെല്ലാം മത്സ്യ മേഖലയെയാണ് പ്രതികൂലമായി ബാധിക്കുക. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൊല്ലം തീരദേശത്ത് വലിയ പ്രക്ഷോഭത്തിന്റെ മാർഗം സ്വീകരിക്കാൻ മത്സ്യത്തൊഴിലാളികൾ നിർബന്ധിതരായതും.
ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.
24-hour coastal hartal against the central government's decision on sea sand mining was complete. The fishing sector expressed concerns over the potential negative impact on marine life and their livelihood.
#CoastalHartal, #SeaMining, #FishermenProtest, #Kerala, #Environment, #Protest