Shortage | നാട് പനിച്ച് വിറക്കുമ്പോൾ കാഞ്ഞങ്ങാട് തീരമേഖലയിലെ ആശുപത്രിയിൽ രണ്ട് ദിവസം ഒപി നിർത്തി
● കാഞ്ഞങ്ങാട് തീരദേശത്തെ ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം.
● ഒപി നിർത്തിവെച്ചത് മൂലം പ്രദേശവാസികൾക്ക് പ്രയാസം.
● മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടു.
കാഞ്ഞങ്ങാട്: (KasargodVartha) നാട് പനിച്ച് വിറക്കുമ്പോൾ കാഞ്ഞങ്ങാട് തീരമേഖലയിലെ ആശുപത്രിയിൽ രണ്ട് ദിവസം ഒപി നിർത്തിയത് അസുഖം ബാധിച്ച് എത്തുന്നവർക്ക് ഇരുട്ടടിയായി. കാഞ്ഞങ്ങാട് കടപ്പുറത്തെ നഗര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രണ്ട് ദിവസം ഒ പി ഉണ്ടാകില്ലെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
എല്ലാ ദിവസവും ഉച്ചയക്ക് 1.30 മുതൽ 4.30 വരെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നത്. പനിയുമായി എത്തിയ നിരവധി രോഗികൾ ഒ പി പ്രവർത്തിക്കില്ലെന്ന അറിയിപ്പ് ബോർഡ് കണ്ട് മടങ്ങുകയാണ് ചെയ്യുന്നത്. പാവപ്പെട്ട മത്സ്യതൊഴിലാളികൾ അടക്കം തിങ്ങിപാർക്കുന്ന കാഞ്ഞങ്ങാട് കടപ്പുറത്താണ് രണ്ട് ദിവസം തുടർച്ചയായി ഒ.പി നിർത്തിവെച്ചിരിക്കുന്നത്.
ഡോക്ടർ രണ്ട് ദിവസം അവധിയിലാന്നെന്നാണ് ആശുപത്രിയിലെ മറ്റ് ജീവനക്കാർ പനിബാധിച്ചെത്തുന്നവരെ അറിയിക്കുന്നത്. ഡോക്ടർ അവധിയിലാണെങ്കിൽ പകരം ഡോക്ടറെ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പിലെ അധികൃതർക്ക് കഴിയുന്നില്ല. ആവശ്യത്തിന് ഡോക്ടർമാരെ ജില്ലയിൽ കിട്ടാനില്ലെന്നാണ് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.
ജില്ലയിലെ പല ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ കുറവ് മൂലം ഇത്തരം പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. പല താലൂക്ക് ആശുപത്രികളിലും ഉള്ള ഡോക്ടർമാരെ വെച്ച് ഇരട്ടിയിലേറെ രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ് ഡോക്ടർമാർക്കുള്ളത്. മതിയായ ചികിത്സ ലഭ്യമല്ലെങ്കിലും ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് മിക്കയിടത്തും നിലനിൽക്കുന്നത്.
#doctor shortage #Kerala #healthcare #rural health #public health #healthcare crisis