കാസര്‍കോട് സഹകരണ ടൗണ്‍ ബാങ്ക് സ്ഥാപക ദിനാഘോഷം 17ന്
Oct 15, 2012, 19:00 IST
കാസര്‍കോട്: ശതാബ്ദി പൂര്‍ത്തിയാക്കുന്ന കാസര്‍കോട് സഹകരണ ടൗണ്‍ ബാങ്കിന്റെ സ്ഥാപക ദിനാഘോഷം 17ന് രാവിലെ 9.30ന് മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ നിര്‍വഹിക്കുമെന്ന് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാണ്ഡുരംഗ ടെമ്പിള്‍ റോഡിലുള്ള ബാങ്ക് ഹെഡ് ഓഫീസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാംപ്കോ പ്രസിഡന്റ് കോംകോടി പത്മനാഭ അധ്യക്ഷനാകും. ബാങ്കിന്റെ ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ മാര്ച് മൂന്നിന് കര്‍ണാടക നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. യോഗേഷ് ഭട്ടാണ് നിര്‍വഹിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഭവന സന്ദര്‍ശന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ കാല അംഗങ്ങളെ ആദരിക്കലും സഹകരണ സെമിനാറുകളും ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തും. ആഘോഷ പരിപാടികളുടെ സമാപനം ഡിസംബറില്‍ വിപുലമായ പരിപാടികളോടെ നടത്തും. ബാങ്കിംഗ് സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലായി 22 പഞ്ചായത്തുകളെ കൂടി ബാങ്കിന്റെ പരിധിയില്‍ ഉള്‍പെടുത്തി പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്.
ബാങ്കിന്റെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി ഇടപാടുകാരുടെ സൗകര്യാര്‍ത്ഥമുള്ള കോര്‍ ബാങ്കിങ്ങിന്റെ ഉദ്ഘാടനവും 17ന് രാജഗോപാല്‍ നിര്‍വഹിക്കും. ബാങ്ക് സ്ഥാപകനായിരുന്ന പരേതനായ അഡ്വ. കെ. നരസിംഹനായക്കിന്റെ കുടുംബത്തിലെ തലമുതിര്‍ന്ന അംഗം പാണ്ഡാലിക നായകിനെ ചടങ്ങില്‍ ആദരിക്കും. ചെങ്കള സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണ വോര്ക്കൂഡ്ലു, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ഉദയകുമാര്‍, ചെമ്മനാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, സഹകരണ സംഘം അസി. രജിസ്ട്രാര്‍ പി.എം. മുഹമ്മദ് ബഷീര്‍, ടൗണ്‍ ബാങ്ക് എംപ്ലോയീസ് സംഘ് പ്രസിഡന്റ് പി. മുരളീധരന്, നഗരസഭാ കൗണ്‍സിലര്‍ കെ. രൂപറാണി എന്നിവര്‍ സംസാരിക്കും.
സഹകരണ മേഖലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ' 97-ാം ഭരണ ഘടനാ ഭേദഗതി ' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സഹകാര്‍ ഭാരതി ദേശീയ പ്രസിഡന്റും, ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന് മുന്‍ സെക്രട്ടറിയുമായ സതീഷ് മറാത്തെ രാജ് കോട്ട് വിഷയം അവതരിപ്പിക്കും. തിരുവനന്തപുരം കാര്‍ഷിക സഹകരണ സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബി.പി. പിള്ള, കണ്ണൂര്‍ ഐ.സി.എം. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. നിരഞ്ജന് രാജ്, അര്‍ബണ്‍ സഹകരണ ബാങ്ക് ഫെഡറേഷന് ചെയര്മാന് പി.പി. വാസുദേവന്‍, ജോയിന്റ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ശ്രീധരന് നായര്‍, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. കാംപ്കോ ഭരണ സമിതി അംഗവും സഹകാര്‍ ഭാരതി അഖിലേന്ത്യ സെക്രട്ടറിയുമായ അഡ്വ. കെ. കരുണാകരന് നമ്പ്യാര്‍ മോഡറേറ്ററാകും.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. എസി. അശോക് കുമാര്‍, കെ. ഗിരിധര്‍ കാമത്ത്, മഹാബാല റൈ, അഡ്വ. കെ. കരുണാകരന് നമ്പ്യാര്‍, കെ. മാധവ ഹെര്ല എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Bank, Celebration, Seminar, Kasaragod, Kerala