ഉപ്പള: എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ കൂട്ടതല്ലും കസേരയേറും. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം അനിശ്ചിതക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഉപ്പള സി.എച്ച് സൗധത്തിന്‍ ചേര്‍ന്ന മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന സെക്രട്ടറി ബാത്തിഷ പൊവ്വല്‍ യൂത്ത്‌ലീഗ് മണ്ഡലം ഭാരവാഹി എ.കെ ആരീഫ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍, റിട്ടേണിംഗ് ഓഫീസര്‍ ഹാഷിം ബംബ്രാണ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മണ്ഡലം കൗണ്‍സില്‍ യോഗം നടന്നത്. റിലീഫ് വിതരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ഭാരവാഹിയുടെ നോമിനിയെ മണ്ഡലം സെക്രട്ടറിയായി നിയമിക്കുന്നതിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉന്നയിച്ചതോടെയാണ് യോഗം കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പരസ്പരം കസേരയേറും നടത്തി. യോഗനടപടികള്‍ തുടരാന്‍ കഴിയാത്തവിധം സംഘര്‍ഷം രൂക്ഷമായതോടെ യോഗം അനിശ്ചിതക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു കൊണ്ട് നേതാക്കള്‍ മടങ്ങുകയായിരുന്നു.
Keywords: MSF, Uppala, Clash