കാസര്‍കോട്ട് സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടി; ഉത്സവബോര്‍ഡും ഭണ്ഡാരവും തകര്‍ത്തു
Jan 31, 2013, 20:13 IST
![]() |
File Photo |
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടിയില്‍ സ്ഥാപിച്ച ക്ഷേത്രോത്സവ ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ തീവെച്ചു നശിപ്പിച്ചത്. കാസര്‍കോട് കോട്ടയിലെ ഹനുമാന്‍ ക്ഷേത്രത്തിന്റെ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് കത്തിച്ചത്. സംഭവമറിഞ്ഞ് സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ ഏതാനും കാറുകള്‍ അടിച്ചും കല്ലു കൊണ്ട് കുത്തിയും തകര്‍ക്കുകയും വഴിയാത്രക്കാരായ ചിലരെ മര്‍ദിക്കുകയും ചെയ്തു. ഈ സംഭവം നഗരത്തില്‍ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ഇതിനു ശേഷമാണ് ചളിയങ്കോട്ട് റോഡരികില്‍ സ്ഥാപിച്ച ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത സംഭവവും ഉണ്ടായത്.
കഴിഞ്ഞ ദിവസം നെല്ലിക്കുന്നിലും പരിസരങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് നഗരത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ അരങ്ങേറിയത്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹ്യ ദ്രോഹികള്‍ ആസൂത്രിതമായി ഉണ്ടാക്കുന്ന കുഴപ്പങ്ങളാണ് ഇതെന്ന് സംശയിക്കുന്നു. പോലീസ് ഇക്കാര്യം നിരീക്ഷിച്ച് വരികയാണ്. ഉത്സവങ്ങളോടും ആഘോഷങ്ങളോടും മറ്റ് പരിപാടികളോടും അനുബന്ധിച്ച് റോഡരികില്‍ പ്രചരണ ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പിലായിട്ടില്ല.
സമാധാന കമ്മിറ്റി യോഗങ്ങള്‍ ചേരുമ്പോഴെല്ലാം റോഡരികിലെ കൊടിതോരണങ്ങളാണ് കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് രാഷ് ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആരോപിക്കുകയും കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അതൊന്നും പ്രാബല്യത്തിലെത്തുന്നില്ല. ഒടുവില്‍ പരിപാടികള്‍ കഴിഞ്ഞതിന് ശേഷമെങ്കിലും കൊടിയും തോരണങ്ങളും മറ്റും അഴിച്ചു മാറ്റാന്‍ സംഘാടകര്‍ തന്നെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അതും പ്രവര്‍ത്തികമായിട്ടില്ല.
റോഡരികില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പിനും ഹൈവേ അധികൃതര്‍ക്കും വൈദ്യുതി പോസ്റ്റുകളില്‍ ബാനര്‍ കെട്ടുന്നതിനെതിരെ കെ.എസ്.ഇ.ബി അധികൃതര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെങ്കിലും അവരും അതിന് തയ്യാറാവുന്നില്ല. ഇത് കുഴപ്പങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ആരോപണമുണ്ട്.
Keywords: Attack, Kasaragod, Temple Fest, Chalayyangod, Railway Station, Road, Nellikunnu, Committee, Kerala, Kerala Vartha, Kerala News.