ചെറുവത്തൂരിലും മടക്കരയിലും സംഘര്‍ഷം വ്യാപിച്ചു; ബസുകളും ഓട്ടോകളും പണിമുടക്കി
Aug 5, 2012, 11:32 IST
ചെറുവത്തൂര്‍: ശനിയാഴ്ച വൈകിട്ടും രാത്രിയിലുമായി മടക്കരയിലും ചെറുവത്തൂരിലുമുണ്ടായ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ശനിയാഴ്ച രാത്രി ബസ് നിര്‍ത്തിയിട്ട് ബൈക്കില്‍ പോവുകയായിരുന്ന സ്വകാര്യ ബസ് ക്ലീനര്‍ രഞ്ജിത്തിനെ(26) ഒരു സംഘം ബൈക്ക് തടഞ്ഞ് കുഴിഞ്ഞടിയില്വെച്ച് മര്‍ദ്ദിച്ചു.
രഞ്ജിത്തിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേതുടര്‍ന്ന് മടക്കര, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പടന്ന റൂട്ടുകളില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. അതിനിടെ ഞായറാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വെ ഗെയ്റ്റ് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടംപോയ പയ്യങ്കിയിലെ എം. രവിയെ(28) ഒരു സംഘം മര്‍ദ്ദിച്ച് ഓട്ടോ തകര്‍ത്ത് മറിച്ചിട്ടു. ഇതില്‍ പ്രതിഷേധിച്ച് മടക്കര, പടന്ന റൂട്ടുകളിലേക്ക് ഓട്ടോ റിക്ഷകളും ഓട്ടം നിര്‍ത്തിവെച്ചു.
മടക്കരയിലെ അനികൃഷ്ണന്റെ സിമന്റ് കടയിലേക്ക് വെള്ളം ഒഴിച്ച് സിമന്റ് ചാക്കുകള്‍ നശിപ്പിച്ചു. മടക്കരയില്‍ നിരവധി കടകള്‍ക്കു നേരെയും അക്രമം നടന്നു. കാഞ്ഞങ്ങാട് എ.എസ്.പി മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍, മടക്കര, പയ്യങ്കി, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അക്രമം രാഷ്ട്രീയ സംഘര്‍ഷത്തില്‍ നിന്നും വര്‍ഗീയ സംഘര്‍ഷത്തിലേക്ക് മാറ്റാനുള്ള ശ്രമവും പോലീസ് തടഞ്ഞിട്ടുണ്ട്.
നേരത്തെ ചെറുവത്തൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അക്രമം നടന്ന സ്ഥലങ്ങളിലാണ് വര്‍ഷങ്ങള്‍ നീണ്ട സമാധാനത്തിന് ശേഷം വീണ്ടും അക്രമങ്ങള്‍ തലപൊക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസ് ശക്തമായ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. അക്രമക്കേസുകളിലെ പ്രതികളെന്നു സംശയിക്കുന്ന നിരവധി പേരെയും മുന്‍കരുതലായി ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മടക്കരയില്‍ ശനിയാഴ്ച പോലീസ് കടകളെല്ലാം അടപ്പിച്ചിരുന്നു. ഇവിടെ ഞായറാഴ്ചയും കടകള്‍ തുറന്നില്ല.
മടക്കരയില്‍ ലീഗ്-സി.പി.എം സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു
Keywords: Cheruvathur, Madakkara,CPM-Muslim league, Clash, Bus, Auto, Strike, Kasaragod