നഗരസഭാ യോഗത്തില്‍ സി.പി.എം. - കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ പോര്
Sep 17, 2015, 09:18 IST
നീലേശ്വരം: (www.kasargodvartha.com 17/09/2015) നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം. - കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ വാഗ്വാദം. നീലേശ്വരം നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡിനുവേണ്ടി മുഖ്യമന്ത്രി അനുവദിച്ച കാര്‍ഷിക കോളജിന്റെ രണ്ട് ഏക്കര്‍ സ്ഥലം വിട്ടുകിട്ടാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ബഹളവും ഉണ്ടായത്.
ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന സി.പി.എമ്മിലെ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്തയുടെ പരാമര്‍ശമാണ് ബഹളത്തിന് കാരണമായത്. ഇതിനെ ചോദ്യംചെയ്തുകൊണ്ട് കോണ്‍ഗ്രസിലെ പി. നളിനി രംഗത്തുവന്നതോടെ വാഗ്വാദം കൊഴുത്തു. കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉദ്യോഗസ്ഥരാണ് സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഇതിന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും നളിനി തുറന്നടിച്ചു.
എന്നാല്‍ യാഥാര്‍ത്ഥ്യത്തിനുനേരെ നളിനി കണ്ണടക്കുകയാണെന്ന് സി.പി.എം. വനിതാ കൗണ്‍സര്‍മാര്‍ ആരോപിച്ചതോടെ യോഗം ബഹളമയമായി. നഗരസഭയ്ക്ക് കാര്‍ഷിക സര്‍വ്വകലാശാല അനുവദിക്കാമെന്ന് പറഞ്ഞ കരുവാച്ചേരിയിലെ രണ്ടേക്കര്‍ സ്ഥലത്തിന് പകരം സ്ഥലമോ പണമോ നല്‍കിയാല്‍ മാത്രമേ സ്ഥലം അനുവദിക്കുകയുള്ളുവെന്ന കാര്‍ഷിക കോളജിന്റെ നിര്‍ദേശം നഗരസഭ കൗണ്‍സില്‍ തള്ളിക്കളഞ്ഞു. പണംനല്‍കാന്‍ നഗരസഭയ്ക്ക് സാധിക്കില്ലെന്നും ചെയര്‍പേഴ്‌സണ്‍ വി. ഗൗരി വിശദീകരിച്ചു. പകരം സ്ഥലം ചീമേനി വില്ലേജിന്റെ പരിധിയില്‍ അനുവദിക്കാമെന്നാണ് കാര്‍ഷിക കോളജ് അധികൃതര്‍ ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Karagod, Neeleswaram, CPM, Congress, Clash, Oommen Chandy, New Bus stand, T.V Shantha, P Nalini