city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനെ ചൊല്ലി നഗരസഭായോഗത്തില്‍ ബഹളം; ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2017) അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സൂചിപ്പിക്കുന്ന ലോക്കല്‍ ഓഡിറ്റ് റിപോര്‍ട്ടിനെ ചൊല്ലി കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉടലെടുത്ത തര്‍ക്കം കയ്യാങ്കളിക്കും ബഹളത്തിനും കാരണമായി. 2015- 16 വര്‍ഷത്തെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച രാവിലെ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലാണ് ലജ്ജാകരമായ നടപടികള്‍ അരങ്ങേറിയത്.

10.30ന് യോഗം ആരംഭിച്ചയുടന്‍ അജണ്ട വായിക്കാന്‍ ചെയര്‍മാന്‍ വി വി രമേശന്‍ നഗരസഭ സെക്രട്ടറിയെ വിളിച്ചയുടന്‍ ക്രമപ്രശ്നവുമായി എഴുന്നേറ്റ സ്വതന്ത്ര കൗണ്‍സിലര്‍ എച്ച് റംഷീദ് അജണ്ടയും കൗണ്‍സില്‍ യോഗവും ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. നഗരപാലിക ചട്ടമനുസരിച്ച് നല്‍കേണ്ട ഫയല്‍ നമ്പറുകളൊന്നും അജണ്ടയിലില്ലെന്നും വെറുമൊരു നോട്ടീസിന്റെ പുറത്ത് കൗണ്‍സില്‍ യോഗം ചേരാന്‍ കഴിയില്ലെന്ന കടുത്ത നിലപാടുമായി തൊട്ടുപിറകെ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ് കുഞ്ഞിയും ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സി കെ വത്സലനും എഴുന്നേറ്റു.

ഇവര്‍ക്ക് പിന്തുണയുമായി മുസ്ലിംലീഗിലെ ഹസൈനാര്‍ കല്ലൂരാവിയും, ടി കെ സുമയ്യയും, കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം എം നാരായണനും, പി ഖദീജയും, ഷൈജയും രംഗത്ത് വന്നപ്പോള്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖക്കുമൊപ്പം ഭരണപക്ഷത്തു നിന്ന് സ്ഥിരം സമിതി അധ്യക്ഷ ഗംഗരാധാകൃഷ്ണനും കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗറും പ്രതിരോധം തീര്‍ത്തു. ഇതിനിടെ നഗരസഭയില്‍ സകര്‍മ്മ ഓണ്‍ലൈന്‍ വഴിയാണ് അജണ്ടകള്‍ നല്‍കുന്നതെന്നും ഫയല്‍ നമ്പറുകള്‍ ചേര്‍ക്കാന്‍ സകര്‍മ്മയില്‍ വകുപ്പില്ലെന്നും സെക്രട്ടറി വിശദീകരിച്ചു.
തൊട്ടുപിറകെ 2015-16 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭക്ക് ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ഒരു മാസത്തിനകം പ്രത്യേകം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് തീരുമാനിക്കണമെന്ന ചട്ടം അട്ടിമറിച്ചതില്‍ അഴിമതിയും ഗൂഢാലോചനയുമുണ്ടെന്നും പ്രതിപക്ഷത്തു നിന്ന് എം പി ജാഫര്‍ ആരോപിച്ചതോടെ ബഹളം രൂക്ഷമായി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ കൈവശമുള്ള 60 സെന്റ് സ്ഥലം ചില വ്യക്തികള്‍ കൈയ്യേറിയ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് മറച്ചുവെക്കാനാണ് ഓഡിറ്റ് റിപ്പോര്‍ട്ട് മുക്കിയതെന്നും ജാഫര്‍ വിശദീകരിച്ചതോടെ ചെയര്‍മാനും ഭരണപക്ഷവും രോഷാകുലരായി.

കഴിഞ്ഞകാലത്തെ അഴിമതിയുടെ ഫലമാണ് നിങ്ങളെ പ്രതിപക്ഷത്തെത്തിച്ചതെന്ന് ചെയര്‍മാന്‍ തിരിച്ചടിച്ചപ്പോള്‍ ചില വമ്പന്‍ സ്രാവുകളെ രക്ഷിക്കാനാണ് ഓഡിറ്റ് റിപ്പോര്‍ട്ട് മുക്കിയതെന്ന് ജാഫറും മുഹമ്മദ്കുഞ്ഞിയും അടക്കമുള്ള കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചു. ഇതിനിടെ കൗണ്‍സില്‍ യോഗത്തില്‍ മൂന്നാം നിലയിലുണ്ടായിരുന്ന ഭരണപക്ഷ കൗണ്‍സിലര്‍ സന്തോഷ് മുന്‍നിരയിലേക്ക് കുതിച്ചു. ചെയര്‍മാന്റെ ചേംബറിന് തൊട്ട് മുന്നില്‍ നിന്ന് മുണ്ട് മടക്കിക്കുത്തി സന്തോഷ് റംഷീദിനും ജാഫറിനുമെതിരെ തിരിഞ്ഞു. ഉന്തും തള്ളും കയ്യാങ്കളിയും തെറിയും അസഭ്യവര്‍ഷവും. കൗണ്‍സിലര്‍മാര്‍ പരസ്പരം ചേരിതിരിഞ്ഞതോടെ എന്തും സംഭവിച്ചേക്കാമെന്ന അവസ്ഥ വന്നു. ഭരണപ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ മുഴുവന്‍ സീറ്റ് വിട്ട് നടുത്തളത്തിലെത്തി.

പ്രതിപക്ഷത്തോടൊപ്പം നിന്ന് ഭരണപക്ഷത്തെ കുടഞ്ഞ സ്വതന്ത്ര കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാടും ബിജെപി കൗണ്‍സിലര്‍മാരായ എം ബല്‍രാജും, എച്ച് ആര്‍ ശ്രീധരനും ബഹള മധ്യത്തില്‍ നിന്ന് കൗണ്‍സിലര്‍മാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സന്തോഷിന് പിന്തുണയുമായി സിപിഎമ്മിലെ ഉണ്ണികൃഷ്ണനും, ബാലകൃഷ്ണനും നടുത്തളത്തിലേക്ക് കുതിച്ചെങ്കിലും വനിതാ കൗണ്‍സിലര്‍മാര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
ഇതിനിടെ ഓഡിറ്റ് റിപ്പോര്‍ട്ട് യഥാസമയം കൗണ്‍സില്‍ യോഗത്തിന് മുമ്പാകെ സമര്‍പ്പിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്നും ഓഡിറ്റില്‍ കണ്ടെത്തിയ വീഴ്ചകളിലടക്കം വിജിലന്‍സ് അന്വേഷണം നടത്താമെന്ന ചെയര്‍മാന്റെ പ്രഖ്യാപനവും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ശമനമുണ്ടാക്കിയില്ല. ഒരു മണിക്കൂറോളം നീണ്ട ബഹളത്തില്‍ മുങ്ങി കൗണ്‍സില്‍ യോഗം പിരിയുകയും ചെയ്തു.

ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനെ ചൊല്ലി നഗരസഭായോഗത്തില്‍ ബഹളം; ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad-Municipality, Clash, Clash between councilors in Municipality

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia