സി.ഐ.ടി.യു. കരുത്ത് തെളിയിച്ച് കാസര്‍കോട്ട് പടുകൂറ്റന്‍ പ്രകടനം
Jan 14, 2013, 22:30 IST
കാസര്‍കോട്: സി.ഐ.ടി.യുവിന്റെ കരുത്ത് തെളിയിച്ച് കാസര്‍കോട്ട് പടുകൂറ്റന്‍ പ്രകടനം. മൂന്നു ദിവസമായി കാസര്‍കോട്ട് നടന്നുവന്ന സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.
പൊതുസമ്മേളന നഗരിയായ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പിബീസ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച പ്രകടനവും പ്രതിനിധി സമ്മേളനം നടന്ന പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയം പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനവും എം.ജി. റോഡിലെ എല്‍.ഐ.സി. ഓഫീസിനടുത്ത് സന്ധിച്ചു. പിന്നീട് എം.ജി. റോഡ്, ട്രാഫിക് ജംഗ്ഷന്, ബാങ്ക് റോഡ്, കറന്തക്കാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദേശീയ പാതയില്‍ പ്രവേശിക്കുകയും അവിടെ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലൂടെ പൊതുസമ്മേളന നഗരിയിലേക്ക് കടക്കുകയുമായിരുന്നു. വഴിനീളെ വര്‍ഗ ബഹുജന സംഘടനകള്‍ പ്രകടനത്തിന് അഭിവാദ്യം അര്പിച്ചു.
ബാന്‍ഡ് മേളം, വേഷങ്ങള്‍ എന്നിവ പ്രകടനത്തെ ആകര്‍ഷകമാക്കി. മൂന്ന് വരിയായി അച്ചടക്കത്തോടെ നീങ്ങിയ പ്രകടനത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യം മുഴങ്ങി. പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനങ്ങളെ കൊണ്ട് നുള്ളിപ്പാടി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡിന് ഇരുവശവും നിറഞ്ഞു. നുള്ളിപ്പാടിയിലെ കോണ്‍ഫിഡന്റ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു. സി.ഐ.ടി.യുവിന്റെ സംഘടനാ ശേഷിയും ജനപങ്കാളിത്തവും വിളിച്ചോതുന്ന പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മിലന് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ കെ. പത്മനാഭന് നഗറില്‍ നടന്ന പൊതുസമ്മേളനം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യുവിന്റെയും സിപിഎമ്മിന്റെയും പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് ശേഷം കെ.പി. സുരേഷ് ബാബുവും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
Keywords : Kasaragod, CITU, State-Conference, Kerala, Rally, Town, New Bus Stand, M.G. Road, Bank Road, K. Padmanabhan Nagar, President, Kasargodvartha, Malayalam News, CITU rally in Kasargod






