city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്തെ 196 പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍ നിന്നു മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും

കാസര്‍കോട്: (www.kasargodvartha.com 10.04.2017) സംസ്ഥാനത്തെ 196 പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍നിന്നു മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു കൈമാറും. കാസര്‍കോട് ജില്ലയില്‍ ഏഴ് പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സി ഐമാര്‍ക്ക് നല്‍കും. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ പൂര്‍ണചുമതല സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നുമാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു കൈമാറുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.

കുറ്റകൃത്യങ്ങള്‍ കൂടിയ പോലീസ് സ്‌റ്റേഷനുകളിലാണ് ആദ്യം എസ് ഐമാരെ മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു സ്‌റ്റേഷനുകളുടെ ഹൗസ് ഒഫീസര്‍ ചുമതല നല്‍കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നതിനു പകരം ഇന്‍സ്‌പെക്ടര്‍ എന്നായിരിക്കും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പദവി.

സംസ്ഥാനത്തെ 196 പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍ നിന്നു മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും

രണ്ടോ മൂന്നോ സ്‌റ്റേഷനുകള്‍ക്ക് ഒരു സി ഐ എന്ന നിലവിലുള്ള ഘടന മാറി, ഓരോ സ്‌റ്റേഷനും ഓരോ ഇന്‍സ്‌പെക്ടറുടെ ചുമതല നല്‍കും. കാസര്‍കോട് ജില്ലയില്‍ കാസര്‍കാട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍, വിദ്യാനഗര്‍, ആദൂര്‍, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷനുകളിലായിരിക്കും സി ഐമാരെ സ്‌റ്റേഷന്‍ ചുമതല ഏല്‍പ്പിക്കുക. സംസ്ഥാനത്തെ 482 പോലീസ് സ്‌റ്റേഷനുകളിലും വൈകാതെ പരിഷ്‌ക്കാരം കൊണ്ടു വരും. എസ് ഐമാര്‍ക്കു ക്രമസമാധാനം ഉള്‍പ്പെടെ മറ്റു ചുമതലകള്‍ വിഭജിച്ചുനല്‍കും.

സിഐമാരെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിക്കണമെന്ന് അഞ്ചു വര്‍ഷം മുമ്പ് തന്നെ നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഈ നിര്‍ദേശം വീണ്ടും മുഖ്യമന്ത്രിയുടെയുടെ ശ്രദ്ദയില്‍ കെണ്ടുവരികയും ആഭ്യന്തര സെക്രട്ടറി കൂടി യോജിക്കുകയും ചെയ്തു. മന്ത്രിസഭ തീരുമാനമായി വന്നാലുടന്‍ ഇത് ഓര്‍ഡറായി ഇറങ്ങും.

സ്‌റ്റേഷന്‍ ചുമതല കൂടി ലഭിക്കുന്നതോടെ സിഐമാരുടെ അധികാരങ്ങള്‍ വര്‍ധിക്കും. നിലവില്‍ ഒരു സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയെ കുടാതെ കുറഞ്ഞത് അഞ്ച് എസ്‌ഐമാരെങ്കിലുമുണ്ട്. ക്രമസമാധാനം, കേസ് അന്വേഷണം എന്നിവ വേര്‍തിരിച്ചു നല്‍കുന്നതോടെ ഇവര്‍ക്കിടയിലെ അധികാര വടംവലി ഒഴിവാക്കാനാകും.

ഒരു സ്‌റ്റേഷനില്‍ എസ്‌ഐ, അഡിഷണല്‍ എസ്‌ഐ, അഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 25 കോണ്‍സ്റ്റബിള്‍മാര്‍ ഇത്രയുമാണ് വേണ്ടത്. ജനസംഖ്യാനുപാതത്തില്‍ 500 പേര്‍ക്ക് ഒരു പോലീസ് എന്നാണ് കണക്ക്. കേരളത്തില്‍ ഇത് 2,000 പേര്‍ക്ക് ഒരു പോലീസ് എന്ന നിലയിലാണുള്ളത്. കേരളത്തില്‍ കഞ്ചാവ് മദ്യ മയക്കുമരുന്ന് ലഹരി വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിവരികയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പിന്നെയും ഡ്യൂട്ടിയ്ക്ക് കയറേണ്ട ഗതികേടാണുള്ളത്. ഇത്തരം കാര്യങ്ങള്‍കുടി കണക്കിലെടുത്താണ് എസ് ഐമാരുടെ സേവനം ക്രമസമാധാനത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.

സിഐമാരെ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരാക്കുമ്പോള്‍ അവരന്വേഷിക്കുന്ന കേസുകളുടെ മേല്‍നോട്ടച്ചുമതല അതതു ഡിവൈഎസ്പിമാര്‍ക്കായിരിക്കും. നിലവില്‍ ഒരു സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണച്ചുമതല എസ്‌ഐമാര്‍ക്കാണ്. കേസുകളുടെ ആധിക്യം മൂലം അന്വേഷണം ശരിയായി നടക്കാത്തതിനാല്‍ കോടതിയിലെത്തുന്ന കുറ്റകൃത്യങ്ങള്‍ക്കു  കാര്യമായ ശിക്ഷ ലഭിക്കുന്നില്ലെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം ഫോര്‍ട്ട്, റാന്നി, പമ്പ, പത്തനംതിട്ട, നെടുമ്പാശ്ശേരി തുടങ്ങി 10 സ്‌റ്റേഷനുകളുടെ പൂര്‍ണ ചുമതല നേരത്തെ സിഐമാര്‍ക്ക് നല്‍കിയിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചല്‍ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലുള്ള 196 സിഐമാര്‍ക്കു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമനം നല്‍കും. 152 പുതിയ ഇന്‍സ്‌പെക്ടര്‍ തസ്തികകളും സൃഷ്ടിക്കും. പ്രമോഷന്‍ കാത്തിരിക്കുന്ന 400 മുതിര്‍ന്ന എസ്‌ഐമാര്‍ക്ക് സിഐമാരായി പ്രമോഷനും ലഭിക്കും. നിലവില്‍ സിഐമാരുടെ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും തസ്തികയില്ലാത്തതിനാല്‍ എസ്‌ഐമാരായി തുടരുകയാണ്. ഇവരെ ഇന്‍സ്‌പെക്ടര്‍മാരാക്കി സ്‌റ്റേഷന്‍ ചുമതല നല്‍കിയാല്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകില്ല.

Keywords:  Kerala, kasaragod, Police, police-station, ASI, news, Thiruvananthapuram, govt., SI, CI, Inspector, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia