city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുനാമിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍മിച്ച ഈ പാലത്തിന്റെ ഒരുവശം ചെരിഞ്ഞു, തൂണുകള്‍ പുഴയില്‍ താഴ്ന്നു; ഇനിയും ഉണര്‍ന്നില്ലെങ്കില്‍ കാസര്‍കോട്ടും സംഭവിക്കാം ചവറയിലുണ്ടായതുപോലുള്ള നടപ്പാലദുരന്തം

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.11.2017) സുനാമി ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ തീരദേശവാസികള്‍ക്ക് രക്ഷപ്പെട്ട് പുറം ലോകത്തെത്താനുള്ള സൗകര്യാര്‍ത്ഥം പുഴക്കുകുറുകെ നിര്‍മിച്ച നടപ്പാലം അപകടഭീഷണിയില്‍. അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി പൊയ്യക്കര നടപ്പാലമാണ് തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. സുനാമി പുനരധിവാസപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിത്താരിപുഴക്ക് കുറുകെ നടപ്പാലം നിര്‍മിച്ചത്. 65 ലക്ഷം രൂപ ചിലവിലായിരുന്നു പാലത്തിന്റെ നിര്‍മാണം. കടല്‍ക്ഷോഭത്തില്‍ നിന്നും പ്രദേശവാസികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യാര്‍ത്ഥം 2004ലെ സുനാമിദുരന്തത്തിന് ശേഷമാണ് പാലം നിര്‍മിച്ചത്.

സുനാമിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍മിച്ച ഈ പാലത്തിന്റെ ഒരുവശം ചെരിഞ്ഞു, തൂണുകള്‍ പുഴയില്‍ താഴ്ന്നു; ഇനിയും ഉണര്‍ന്നില്ലെങ്കില്‍ കാസര്‍കോട്ടും സംഭവിക്കാം ചവറയിലുണ്ടായതുപോലുള്ള നടപ്പാലദുരന്തം


പഞ്ചായത്തിന്റെ 19ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ചിത്താരികടപ്പുറം പൊയ്യക്കര പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. പാലത്തിന്റെ തൂണുകള്‍ പുഴയിലേക്ക് താഴ്ന്ന നിലയിലാണ്. ചിത്താരി കടപ്പുറം ഭാഗത്ത് പാലം ഒരു വശത്തേക്ക് ചെരിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിനം പ്രതി പാലത്തിലൂടെ നടന്നുപോകുന്നുണ്ട്. കൂട്ടത്തോടെ നടന്നുപോകുമ്പോള്‍ പാലം തകര്‍ന്ന് ദുരന്തം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. പാലത്തോട് ചേര്‍ന്ന് അപ്രോച്ച് റോഡില്ലാത്തത് മറ്റൊരു ഭീഷണിയാണ്.

സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പാലത്തിന്റെ ഒരുഭാഗമുള്ളത്. ഇത് സുഗമമായ കാല്‍നടയാത്രക്ക് പ്രയാസമുണ്ടാക്കുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണുളളത്. പ്രധാന റോഡിലെത്തണമെങ്കില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലം കടക്കണം. ചേറ്റുകുണ്ടില്‍ റെയില്‍വെ ക്രോസും ചിത്താരിഭാഗത്തേക്ക് അനുബന്ധ റോഡും വന്നതോടെ പാലത്തിലൂടെയുള്ള യാത്രയില്‍ നിന്നും പിന്തിരിയുന്നവരും ഏറെയാണ്. സുരക്ഷിതത്വമില്ലാത്ത പാലത്തിലൂടെ ജീവന്‍ പണയം വെച്ചുകൊണ്ട് ചങ്കിടിപ്പോടെ നടന്നുപോകേണ്ടിവരുന്നു.

അതിനിടെ ചിത്താരിപ്പുഴക്ക് മറ്റൊരു നടപ്പാലം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ഇപ്പോഴിത് പാതിവഴിയിലാണ്. കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചതൊഴിച്ചാല്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നില്ല. പാലം നിര്‍മിച്ച വകയില്‍ നാട്ടുകാര്‍ക്ക് കടബാധ്യതയുണ്ട്. ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും 15 ലക്ഷം രൂപ വേണമെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ പൊയ്യക്കരയിലെ അപകടാവസ്ഥയിലുള്ള നടപ്പാലം വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടവരുത്തിയ കൊല്ലം ചവറ നടപ്പാലദുരന്തത്തിന് സമാനമായ അപകടം കാസര്‍കോട്ടും സംഭവിച്ചേക്കാമെന്ന  ഭീതി അസ്ഥാനത്തല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kanhangad, kasaragod, news, Bridge, Chithari, River, Chithari Poyakkara bridge in danger

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia