city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ 2 കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ അഭിഭാഷകയ്‌ക്കെതിരെ തെളിവ് ഹാജരാക്കണമെന്ന് ഹൈക്കോടതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/10/2015) കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളുടെ രണ്ട് കുട്ടികളെ മംഗളൂരുവില്‍ വില്‍പന നടത്താന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തിന് വിധേയയായ അഭിഭാഷകയ്‌ക്കെതിരെ തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം വിശദമായ തെളിവുകള്‍ വേണമെന്നാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മംഗളൂരുവിലെ അഭിഭാഷകയായ ആശാലത സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് പോലീസിന് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ക്ക് പുറമെ അഭിഭാഷക അടക്കമുള്ള ഇടനിലക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. 2013 ജൂലൈയിലാണ് കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാഞ്ഞങ്ങാട് മുറിയനാവിയിലെ സുലൈമാനാണ് (46) രണ്ടാം ഭാര്യയിലുണ്ടായ ഒന്നര വയസുള്ള ആണ്‍ കുഞ്ഞിനേയും 10 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിനേയും നാല് ലക്ഷം രൂപയ്ക്ക് കര്‍ണാടക സ്വദേശികളായ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വില്‍പന നടത്തിയത്. ഇതിന് ഒത്താശ ചെയ്തുകൊടുത്തത് ആശാലതയാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആശാലത കമ്മീഷന്‍ കൈപറ്റിയതായും ആരോപണം ഉണ്ടായിരുന്നു.

ആവിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുലൈമാന് പുറമെ ഇടനിലക്കാരായ കൊളവയല്‍ ഹനീഫ മന്‍സിലിലെ റഷീദ് (23), ഇരിയയിലെ താമസക്കാരനായ കുന്താപുരം സ്വദേശിയും ടാക്‌സി ഡ്രൈവറുമായ ബഷീര്‍ (42), ഇറച്ചിവെട്ടുകാരന്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത മൊയ്തു (55) എന്നിവരെ കേസുമായി ബന്ധപ്പെട്ട് അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തിരുന്നു. പോലീസ് അന്വേഷണത്തെതുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ആശാലതയും പിന്നീട് അറസ്റ്റിലാവുകയായിരുന്നു.

അതേസമയം കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ നിയമ വിരുദ്ധമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഭിഭാഷക എന്ന നിലയിലുള്ള കൃത്യനിര്‍വ്വഹണം നടത്തുക മാത്രമാണ് ചെയ്തതെന്നും ഇടനിലക്കാരിയായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ചെയ്ത പോലീസ് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആശാലത ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. അഭിഭാഷക എന്ന നിലയില്‍ കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ സമ്മതം തയ്യാറാക്കുന്ന ജോലിമാത്രം ആശാലത നിര്‍വ്വഹിക്കുകയായിരുന്നോ അതോ പണമിടപാട് നടത്തി കുട്ടികളെ വില്‍പന നടത്തുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നകാര്യം വ്യക്തമാക്കണമെന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.

അന്വേഷണത്തിനിടെ അഭിഭാഷകയ്‌ക്കെതിരെ കണ്ടെത്തിയ വിശദമായ തെളിവുകള്‍ ഹാജരാക്കണം. ഇവര്‍ ഇടനിലക്കാരിയെന്നനിലയില്‍ പണം കൈപ്പറ്റുന്നതോ കുട്ടികളെ കൈമാറുന്നതോ കണ്ടവരോ അല്ലാത്തവരോ ആയ സാക്ഷികള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. കുട്ടികളെ സ്വീകരിച്ചവരെ കേസില്‍ പ്രതികളാക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അന്വേഷണമധ്യേ മറ്റൊരു ക്രിമിനല്‍കേസ് നടന്നതായി വെളിപ്പെട്ടിട്ടും പ്രത്യേക എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും അഭിഭാഷക തന്റെ ജോലിയുടെ ഭാഗമായി ഇടപെടല്‍ നടത്തുകയും ഫീസായി പണം കൈപ്പറ്റുകയാണോ ചെയ്തതെന്നും അടക്കമുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ഹരജി രണ്ടാഴ്ചയ്ക്ക്‌ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. കുട്ടികളെ വില്‍പന നടത്തിയ കേസില്‍ മൂന്നാം പ്രതിയാണ് ആശാലത.
കാഞ്ഞങ്ങാട്ടെ 2 കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ അഭിഭാഷകയ്‌ക്കെതിരെ തെളിവ് ഹാജരാക്കണമെന്ന് ഹൈക്കോടതി

Keywords: Kanhangad, High-Court, Kasaragod, Kochi, Mangalore, Police, Investigation, Woman lawyer, Asha Latha, Children selling case: HC intervenes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia