Tragedy | വീട്ടിലെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് കുഞ്ഞിന് ദാരുണാന്ത്യം
● ദേലംപാടി ഗ്വാളിമുഖത്താണ് സംഭവം.
● ജി എസ് മുഹമ്മദ് ശിംശാർ - ഫാത്വിമത് അശ്‌ഫാന ദമ്പതികളുടെ മകനാണ് മരിച്ചത്.
● കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛനും പരുക്കേറ്റു
ദേലംപാടി: (KasargodVartha) വീട്ടിൽ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടര വയസുകാരൻ ദാരുണമായി മരിച്ചു. ദേലംപാടി ഗ്വാളിമുഖത്തെ ജി എസ് മുഹമ്മദ് ശിംശാർ - മൊഗ്രാലിലെ സി എച് ഫാത്വിമത് അശ്‌ഫാന ദമ്പതികളുടെ മകൻ സൈൻ ഇസ്‌ദാൻ ആണ് മരിച്ചത്.
അടുത്ത മാസം നാലാം തീയതി വീട്ടിൽ നടക്കാനിരുന്ന ശിംശാറിന്റെ അനുജത്തിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിലായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന ഇസ്‌ദാൻ വീടിന് പുറത്തുള്ള എർത്ത് കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തച്ഛൻ മുഹമ്മദ് ശാഫി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും വൈദ്യുതാഘാതമേറ്റു.
ഉടൻതന്നെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇസ്‌ദാന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വൈദ്യുതാഘാതമേറ്റ മുഹമ്മദ് ശാഫിയെ ഉടൻതന്നെ ചെർക്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്‌ദാന്റെ മൃതദേഹം കർണാടകയിലെ പുത്തൂരിലുള്ള സർകാർ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിനായി മാറ്റി.
വ്ലോഗുകളിലൂടെ പ്രശസ്‌തരായ ദമ്പതികൾ നേരത്തെ കേരള ടൂറിസത്തെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനും ഇൻഡ്യൻ പര്യടനം നടത്തിയും ശ്രദ്ധേയരായിരുന്നു. സൈൻ ഇസ്‌ദാനും അന്ന് ഒപ്പമുണ്ടായിരുന്നു. അപ്രതീക്ഷിത ദുരന്തം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
#ElectricShockTragedy #Kasaragod #ChildAccident #KeralaNews #WeddingTragedy #IndianNews