Condolence | സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് കേരള, കർണാടക മുഖ്യമന്ത്രിമാർ; ദുഃഖം രേഖപ്പെടുത്തി ഡി കെ ശിവകുമാർ, യു ടി ഖാദർ അടക്കമുള്ളവരും
എം പിമാരായ കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജന്‍ തുടങ്ങിയവരും അനുശോചിച്ചു
കാസർകോട്: (KasargodVartha) തിങ്കളാഴ്ച രാവിലെ വിടവാങ്ങിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ (64) തങ്ങളുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അനുശോചിച്ചു.
കാസർകോട്, ദക്ഷിണ കന്നഡ, കുടക് പ്രദേശങ്ങളിലെ അറുപത് മഹല്ലുകളുടെ ഖാസിയായ അദ്ദേഹം ദക്ഷിണ കന്നഡ സംയുക്ത ജമാഅത് ഖാസിയുമായിരുന്നുവെന്ന് പിണറായി വിജയൻ അനുസ്മരിച്ചു. എന്നും സമൂഹത്തിൻ്റെ ക്ഷേമത്തിനും സാമുദായിക സൗഹാർദത്തിനുമായി പ്രവർത്തിച്ച തങ്ങളുടെ വിയോഗം മുസ്ലീം സമുദായത്തിന് മാത്രമല്ല, രാജ്യത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
സാമുദായിക സൗഹാർദത്തിനായി പ്രവർത്തിച്ച കുറാ തങ്ങളുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അനുയായികളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു.
ഉള്ളാൾ ഉൾപെടെ ദക്ഷിണ കന്നഡ ജില്ലയിലെ നൂറുകണക്കിന് മഹല്ലുകളുടെ ഖാസിയും ആത്മീയ നേതാവുമായ ഫസൽ കോയമ്മ തങ്ങളുടെ മരണവാർത്ത ഞെട്ടിച്ചതായി കർണാടക സ്‌പീകർ യു ടി ഖാദർ പറഞ്ഞു. ആരോഗ്യവാനായിരുന്ന തങ്ങളുടെ പെട്ടെന്നുള്ള മരണം അഗാധമായ ദു:ഖത്തിലാഴ്ത്തി. ദുരിതമനുഭവിക്കുന്നവർ, രോഗങ്ങളും പ്രശ്നങ്ങളുമായി എത്തിയവർ, ആത്മീയ പരിഹാരത്തിനായി വന്നവർ അങ്ങനെ എല്ലവരെയും രാത്രിയും പകലും എന്നില്ലാതെ, ജാതിമതഭേദമില്ലാതെ തുല്യരായി പരിഗണിച്ചു.
പരസ്‌പര സ്‌നേഹത്തോടെയും വിശ്വാസത്തോടെയും സർവശക്തനെ ഭയന്നും ജീവിക്കണമെന്ന് സമൂഹത്തോട് നിരന്തരം പ്രസംഗിച്ചു. പിതാവ് താജുൽ ഉലമ അബ്ദുർ റഹ്‌മാൻ ഉള്ളാൾ തങ്ങളുടെ വേർപാടിന്റെ ശൂന്യത നിലനിൽക്കെ കൂറത്ത് തങ്ങളുടെ കൂടി വിയോഗത്തോടെ സമൂഹത്തിന് വീണ്ടും താങ്ങ് നഷ്ടപ്പെട്ടതിൽ ദു:ഖിക്കുന്നുവെന്നും യു ടി ഖാദർ കൂട്ടിച്ചേർത്തു.
എം പിമാരായ കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജന്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജെനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുശാവറ ഉപാധ്യക്ഷനും സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജെനറല്‍ സെക്രടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, എസ് വൈ എസ് സംസ്ഥാന സെക്രടറി ത്വാഹ തങ്ങള്‍, ജെനറല്‍ സെക്രടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എസ് ജെ എം സെക്രടറി അബൂഹനീഫല്‍ ഫൈസി, ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് , എസ് എസ് എഫ് പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സെക്രടറി സി ആര്‍ കുഞ്ഞുമുഹമ്മദ്, ട്രഷറര്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവരും അനുശോചിച്ചു.
വൈകുന്നേരം അഞ്ച് മണിയോടെ എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും പിന്നീട് കാസർകോട് ദേളിയിലെ ജാമിയ സഅദിയ്യയിലും കര്‍ണാടകയിലെ ഉള്ളാളിലും മയ്യിത്ത് നിസ്‌കാരം നടന്ന ശേഷം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പുത്തൂർ കുറത്തെ ജുമാ മസ്‌ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.