Visit | മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച കാസർകോട്ട്; വിവിധ പരിപാടികൾ

● രാവിലെ 10 ന് ഹൊസ്ദുർഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം
● വൈകീട്ട് നാലിന് എരിക്കുളത്ത് കെ എം സ്മാരക മന്ദിരം ഉദ്ഘാടനം
● വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് പൊതുപരിപാടി
കാസർകോട്: (KasargodVartha) മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 ന് ഹൊസ്ദുർഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം, 11.30 ന് കാസർകോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം, വൈകീട്ട് നാലിന് മടിക്കൈ എരിക്കുളത്ത് ജില്ലാ പഞ്ചായത്തിന്റെ കെ എം സ്മാരക മന്ദിരം ഉദ്ഘാടനം, വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസിന്റെ ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ.
ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനക്ഷമതയും സേവനഗുണമേന്മയും വർദ്ധിപ്പിക്കാനായാണ് കാസർകോട് ജില്ലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്തങ്ങളും കൂടുതൽ പ്രസക്തമാകുന്ന വേളയിൽ പ്രവർത്തനങ്ങൾ കൂടുതൽ ഗതിവേഗമേകുവാനും സുസ്ഥിര വികസനവും ജില്ലയിലെ സമഗ്രമായ വളർച്ചയും ഉറപ്പാക്കുന്നതിനായി അഞ്ച് കോടി മൂന്ന് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഈ കെട്ടിടം മൂന്ന് നിലകളിലായി 14,795 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ട് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്.
വീഡിയോ കോൺഫറൻസ് ഹാൾ, 250 പേർക്ക് ഇരിക്കാവുന്ന മൾട്ടി-പർപ്പസ് കോൺഫറൻസ് ഹാൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്കുള്ള ഓഫീസുകൾ, ലിഫ്റ്റ്, അഗ്നിശമന സംവിധാനങ്ങൾ, സന്ദർശകർക്കായി ആധുനിക ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ പുതിയ കെട്ടിടത്തിലെ പ്രധാന സവിശേഷതകളാണ്. കെട്ടിടത്തിന്റെ ഫർണിഷിംഗ് ജോലികൾക്കായി 90.55 ലക്ഷം രൂപ ചെലവഴിച്ച് ആർട്കോ ജോലികൾ പൂർത്തിയാക്കി.
ഓഫീസിലെ പശ്ചാത്തല സൗകര്യവും ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾക്ക് ഓഫീസ് സൗകര്യം ഒരുക്കുന്നതിനുമായി നിർമ്മിച്ചിട്ടുള്ള പുതിയ കെട്ടിടം ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുകയും ജനങ്ങൾക്ക് കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Chief Minister Pinarayi Vijayan will visit Kasaragod on Sunday to participate in various programs, including the inauguration of the district panchayat's new office building. The building was constructed at a cost of five crore three lakh rupees.
#KeralaCM #Kasaragod #Inauguration #Development #LocalGovernance #PinarayiVijayan