city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീഫ് എഞ്ചിനീയറും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു; ആയംകടവ് പാലത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ രൂപരേഖ

പെരിയ: (www.kasargodvartha.com 24.08.2017) സംസ്ഥാനത്തെ ഏറ്റവും ഉയരമേറിയ പാലങ്ങളിലൊന്നായ പുല്ലൂര്‍ പെരിയ ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആയംകടവ് പാലത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. പൊതുമരാമത്തു വകുപ്പു മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ച ചീഫ് എഞ്ചിനീയര്‍ എം എന്‍ ജീവരാജ് ഉദ്യോഗസ്ഥരുമായും കരാറുകാരനുമായും ചര്‍ച്ച നടത്തിയ ശേഷമാണ് രൂപകല്‍പനയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.

ചീഫ് എഞ്ചിനീയറും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു; ആയംകടവ് പാലത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ രൂപരേഖ

പാലം രൂപകല്‍പന ചെയ്ത ഐ ഐ ടിയിലെ എന്‍ജിനിയറായ ഡോ. അരവിന്ദാക്ഷനു തന്നെയാണ് പുതിയ ഡിസൈനുണ്ടാക്കാന്‍ ചുമതല നല്‍കിയത്. പാലത്തിന്റെ നീളം വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി പൂര്‍ത്തിയാക്കാനും സാധിക്കുന്ന രീതിയിലുള്ള ചില മാറ്റങ്ങളാണ് വരുത്തുക. ഇതേസമയം പാലത്തിന്റെ ഉയരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കി.

നിലവില്‍ 120 മീറ്റര്‍ നീളം നിശ്ചയിച്ചിട്ടുള്ള പാലത്തിന്റെ ഉയരം തറനിരപ്പില്‍ നിന്ന് 24 മീറ്ററാണ്. 9.8 മീറ്ററാണ് വീതി. ഉയരക്കൂടുതല്‍ കാരണം ബംഗാളില്‍ നിന്നെത്തിയ ഇരുപത്തിയഞ്ചിലേറെ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചുപോയിരുന്നു. ഒടുവില്‍, കരാറുകാരന്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഹെല്‍മറ്റും ബെല്‍റ്റുമുള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കിയ ശേഷമാണ് അനിശ്ചിതത്വത്തിലായ പാലം നിര്‍മാണം പുനരാരംഭിച്ചത്.

ജോയിന്റുകളില്ലാത്ത പാലമായതിനാല്‍ പാലത്തിനു മുകളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെറിയ കുലുക്കം പോലും അനുഭവപ്പെടില്ല എന്നതും ആയംകടവു പാലത്തിന്റെ പ്രത്യേകതയാണ്. അപ്രോച്ച് റോഡിന്റെ നിര്‍മാണത്തോടൊപ്പം പെരിയ ആയമ്പാറ റോഡ് വികസനവും കൊളത്തൂരിലേക്കുള്ള രണ്ടര കിലോമീറ്റര്‍ റോഡിന്റെ നവീകരണവും പദ്ധതിയുടെ ഭാഗമായുണ്ട്. 18 കോടി രൂപ നിര്‍മാണച്ചെലവു കണക്കാക്കുന്ന പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

ചട്ടഞ്ചാലിലെ ടി എ അബ്ദുര്‍ റഹ് മാന്റെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണപ്രവൃത്തി ഏറ്റെടുത്തത്. ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മഴയും തൊഴിലാളികള്‍ പിന്മാറിയതുമൊക്കെ നിര്‍മാണ ജോലിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ഉയരത്തില്‍ നിര്‍മാണസാധനങ്ങള്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയതൊക്കെ ചീഫ് എഞ്ചിനീയറും സംഘവും വിലയിരുത്തി. ഇതിനു മാത്രം അരക്കോടിയോളം അധികചിലവു വന്നതായി കരാറുകാരന്‍ പറഞ്ഞു. ചീഫ് എഞ്ചിനീയര്‍ക്കൊപ്പം കാസര്‍കോട് പിഡബ്ള്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി റിയാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ആര്‍ മജക്കാര്‍, ബെന്നി, ബ്രിഡ്ജ് കണ്‍സള്‍ട്ടന്റ് ആനന്ദ് എന്നിവരുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Periya, Bridge, Construction Plan, Kasaragod, Visit, Pullur Periya, Safety, Ayamkadavu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia