ഫോണ്‍ വന്നപ്പോള്‍ കോഴിവണ്ടി നിര്‍ത്തി മാസ്‌ക്ക് താഴ്ത്തി സംസാരിച്ചു; സംസാരം കഴിഞ്ഞ് വാന്‍ മുന്നോട്ട് എടുത്തപ്പോള്‍ പോലീസ് കൈകാണിച്ചു, 1000 രൂപ പിഴയീടാക്കിയത് കുറക്കാന്‍ ആവശ്യപ്പെട്ട ഡ്രൈവറെ പോലീസ് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
May 2, 2020, 18:11 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2020) ഫോണ്‍ വന്നപ്പോള്‍ കോഴിവണ്ടി നിര്‍ത്തി മസ്‌ക്ക് താഴ്ത്തി സംസാരിക്കുകയും സംസാരം കഴിഞ്ഞ് വാന്‍ മുന്നോട്ട് എടുത്തപ്പോള്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ച് 1000 രൂപ പിഴ ചുമത്തിയപ്പോള്‍ കുറക്കാന്‍ ആവശ്യപ്പെട്ട വാന്‍ ഡ്രൈവറെ പോലീസ് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.ഉളിയത്തടുക്ക സ്വദേശി ബദറുദ്ദീനെയാണ് പോലീസ് ലാത്തികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്.
ശനിയാഴ്ച്ച രാവിലെ കറന്തക്കാട് ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്ത് കോഴി ഇറക്കി ചൂരിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കറന്തക്കാട് ഫാത്തിമ ആശുപത്രിക്കടുത്ത് എത്തിയപ്പോഴാണ് ബദറുദ്ദീന് ഫോണ്‍ വന്നത്. വണ്ടി നിര്‍ത്തി ഫോണില്‍ സംസാരിച്ച് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോഴാണ് പരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചു നിര്‍ത്തിയത്. മാസ്‌ക്ക് ധരിക്കാത്തതിന് 1000 രൂപ പിഴയിട്ടു. ബോധപൂര്‍വ്വം മസ്‌ക്ക് ധരിക്കാത്തതല്ലെന്നും ഫോണ്‍ വന്നപ്പോള്‍ മുഖത്ത് നിന്നും താഴ്ത്തിയതാണെന്നും പിഴ കുറക്കന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ എസ്.ഐയെ കാണണമെന്ന് പറയുകയായിരുന്നു. ഇതിനിടയില്‍ എസ്.ഐ എത്തിയപ്പോള്‍ കാര്യം പറഞ്ഞതോടെ വാനില്‍ നിന്നും ഇറക്കി കാലില്‍ ലാത്തി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബദറുദ്ധീന്‍ പറഞ്ഞു. മുമ്പ് വാഹനാപകടത്തില്‍പ്പെട്ട് ഓപ്പറേഷന്‍ കഴിഞ്ഞ കാലാണെന്നും അടിക്കെല്ലെന്നും പറഞ്ഞെങ്കിലും അടിക്കുകയായിരുന്നുവെന്നും ബദറുദ്ദീന്‍ പറയുന്നു. പിന്നീട് ക്ലീനറുടെ പേരില്‍ 1000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്.
മായിപ്പാടിയിലെ ആശുപത്രിയില്‍ കാണിച്ച ശേഷം അടിയേറ്റ് തളര്‍ന്ന കാലുമായി ബദറുദ്ദീന്‍ വീട്ടിലാണ് കഴിയുന്നത്.ഒരു ദിവസം വണ്ടിയോടിച്ചാല്‍ 1000 രൂപയാണ് കൂലി. അത് പിഴയായി അടക്കുന്നതിന്റെ സങ്കടം കൊണ്ടാണ് പിഴ കുറക്കാന്‍ ആവശ്യപ്പെട്ടതെന്നും ബദറുദ്ദീന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്നിനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതായി ബദ്‌റുദ്ദീന്‍ പറഞ്ഞു.
Keywords: Attack, Chicken, Kasaragod, Kerala, Man, News, Police, Chicken distributer attacked by Police