ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് മെഷീൻ പ്രവർത്തിപ്പിക്കാൻ ആളെവെച്ചു; വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സ്റ്റോപ്പും പുനസ്ഥാപിച്ചേക്കും
● തെറ്റായ ഉപയോഗം കാരണം ഇടയ്ക്കിടെ കേടാകുന്ന പ്രശ്നം പരിഹരിക്കാൻ കമ്മീഷൻ അടിസ്ഥാനത്തിലാണ് ആളെ വെച്ചത്.
● 2024–25 വർഷത്തെ കണക്കുകൾ പ്രകാരം 4.73 കോടി രൂപ വരുമാനം നേടി ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ മികച്ച പട്ടികയിൽ ഇടംനേടി.
● ആകെ വരുമാനത്തിൽ 2.20 കോടി രൂപ റിസർവേഷനിലൂടെയാണ് ലഭിച്ചത്.
● പരശുറാം എക്സ്പ്രസ് നിർത്താൻ തുടങ്ങിയതോടെയാണ് ചെറുവത്തൂരിന് വരുമാനത്തിൻ്റെ കാര്യത്തിൽ വമ്പൻ കുതിപ്പ് ഉണ്ടായത്.
● കണ്ണൂർ–ബെംഗളൂരു യശ്വന്ത്പുര എക്‌സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
ചെറുവത്തൂർ: (KasargodVartha) യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് വെൻഡിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ റെയിൽവേ ആളെ വെച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരുന്നുവെങ്കിലും ആളുകളുടെ തെറ്റായ ഉപയോഗം കാരണം മെഷീൻ ഇടയ്ക്കിടെ കേടാകുന്ന അവസ്ഥയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് മെഷീൻ പ്രവർത്തിപ്പിക്കാനും ടിക്കറ്റ് നൽകാനുമായി കമ്മീഷൻ അടിസ്ഥാനത്തിൽ റെയിൽവേ ആളെ നിയമിച്ചത്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് മാത്രം ടിക്കറ്റ് കൊടുത്ത് തീർക്കാൻ കഴിയാത്തത്ര തിരക്കായതോടെ ഈ നടപടി യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. തിരക്ക് കാരണം പലരും ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന ചിലർക്ക് ട്രെയിൻ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി. നിലവിലെ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായത്.
പുലർച്ചെ കോഴിക്കോട് ഭാഗത്തേക്കും മംഗളൂരു ഭാഗത്തേക്ക് പുലർച്ചെയുള്ള മാവേലി എക്സ്പ്രസിനും ചെറുവത്തൂരിൽ നിന്നുതന്നെ പുറപ്പെടുന്ന പാസഞ്ചർ വണ്ടിക്കും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചെന്നൈ മെയിൽ വരെയുള്ള വണ്ടികൾക്കും ഉച്ചയ്ക്കും വൈകീട്ടുമുള്ള മറ്റ് ട്രെയിനുകൾക്കും സ്റ്റേഷനിൽ നല്ല തിരക്കാണ്.
പരശുറാം എക്സ്പ്രസ് നിർത്താൻ തുടങ്ങിയതോടെ ചെറുവത്തൂരിന് വരുമാനത്തിൻ്റെ കാര്യത്തിൽ വമ്പൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. 2024–25 വർഷത്തെ കണക്കുകൾ പ്രകാരം ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ 4.73 കോടി രൂപയുടെ വരുമാനം നേടി മികച്ച പട്ടികയിൽ ഇടംനേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റേഷനിലെ മൊത്തം വരുമാനം 4,73,37,028 രൂപയാണ്. ഇതിൽ 2.20 കോടി രൂപ റിസർവേഷനിലൂടെയും ബാക്കി സാധാരണ ടിക്കറ്റുകളിലൂടെയുമാണ് ലഭിച്ചത്.
പരശുറാം, മാവേലി, മലബാർ, നേത്രാവതി, എഗ്മോർ, എറനാട്, കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, ചെന്നൈ മെയിൽ, തിരുവനന്തപുരം എക്സ്പ്രസ് തുടങ്ങി നിരവധി ദീർഘദൂര ട്രെയിനുകളും രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു മിനിറ്റിനോളം ചെറുവത്തൂരിൽ നിർത്തിയിട്ട് മാത്രമാണ് നാലര കോടിയിലധികം വരുമാനം ഉണ്ടാക്കിയത്.
വരുമാന നേട്ടം ഉണ്ടാക്കിയതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ വണ്ടികൾക്ക് സ്റ്റോപ്പേജ് അനുവദിക്കുന്നതിലും റെയിൽവേ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൻ്റെ സ്റ്റോപ്പേജ് വൈകാതെ പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.
പരശുറാം എക്‌സ്‌പ്രസ് സ്റ്റോപ്പേജ് അനുവദിച്ചതോടെ വർഷം 50 ലക്ഷത്തിൻ്റെ വരുമാന വർദ്ധനവാണ് ചെറുവത്തൂരിൽ ഉണ്ടാക്കുന്നത്. മാസംതോറും ഏകദേശം 5100 യാത്രക്കാർ അധികമായി ഈ സൗകര്യം ഉപയോഗിക്കുന്നു. ഇതിലൂടെ സ്റ്റേഷനിൽ പ്രതിമാസം 4.2 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ട്. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് കൂടാതെയുള്ളതാണ് ഈ കണക്കുകൾ എന്നത് ശ്രദ്ധേയമാണ്. ശരാശരിയായി ദിനംപ്രതി 170 പേർ യാത്ര ചെയ്യുന്നതോടൊപ്പം 14,000 രൂപ അധിക വരുമാനം രേഖപ്പെടുത്തപ്പെടുന്നു. ഓരോ യാത്രക്കാരിൽ നിന്നും ശരാശരി 80–85 രൂപ വരുമാനമാണ് സ്റ്റേഷന് ലഭിക്കുന്നത്.
അതേസമയം, ജോലിക്കും ചികിത്സയ്ക്കും പഠനത്തിനും വ്യാപാരത്തിനുമായി മംഗളൂറിലേക്ക് പോകുന്നവർ രാത്രി വൈകി തിരിച്ചുവരാൻ ബുദ്ധിമുട്ടുന്ന കാര്യം റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാവിലെ 10.10-ന് ചെന്നൈ മെയിൽ വടക്കോട്ട് കടന്നുപോയാൽ അടുത്തുള്ള വടക്കോട്ടുള്ള ട്രെയിൻ 3.05-ന് വരുന്ന എറണാട് എക്‌സ്‌പ്രസ് മാത്രമാണ്. തെക്കോട്ട് പോകാൻ 10.40-ന് കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ കഴിഞ്ഞാൽ പിന്നീട് 3.10-ന് ചെന്നൈ മെയിൽ വരെയാണ് യാത്രക്കാർ കാത്തിരിക്കേണ്ടി വരുന്നത്.
ഈ യാത്രാപ്രതിസന്ധി കണക്കിലെടുത്ത് കണ്ണൂർ–ബെംഗളൂരു യശ്വന്ത്പുര എക്‌സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പേജ് നൽകിയാൽ മാത്രമേ യാത്രാസൗകര്യം മെച്ചപ്പെടുത്താനും വരുമാനം വർധിപ്പിക്കാനും കഴിയൂ എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ നിർത്തുന്ന ചില രാത്രി ട്രെയിനുകൾ കാസർകോടുവരെയാക്കി ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൻ്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Cheruvathur Railway revenue soars; operator for ATVM appointed; West Coast Express stop expected.
#Cheruvathur #RailwayStation #WestCoastExpress #ATVM #RevenueHike #KeralaRail






