ദേശീയപാത ഖനനത്തിനിടെ ലഭിച്ചത് മിയോ–പ്ലിയോസീൻ കാലത്തെ ശിലാവശിഷ്ടങ്ങൾ; തേജസ്വിനി നദിയുടെ ആദിരൂപം ചെറുവത്തൂരിലൂടെ ഒഴുകിയിരുന്നു; നിർണായക കണ്ടെത്തലുമായി ഗവേഷകർ
● 23 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള കേരളത്തിന്റെ കാലാവസ്ഥാ തെളിവുകളാണിവ.
● ഈ ശിലാസമൂഹത്തിന് ഗവേഷകർ 'ചെറുവത്തൂർ ഫോർമേഷൻ' എന്ന് പേരിട്ടു.
● പുരാതന കാലത്ത് കേരളത്തിൽ ഇന്നത്തെക്കാൾ ശക്തമായ മൺസൂൺ മഴ ലഭിച്ചിരുന്നു.
● സമുദ്രജലത്തിന്റെ സ്വാധീനവും നദീതട മാറ്റങ്ങളും ശിലകളിൽ നിന്ന് വ്യക്തമായി.
● കേരള സർവകലാശാലയുടെയും കേന്ദ്ര സർവകലാശാലയുടെയും നേതൃത്വത്തിലാണ് പഠനം നടന്നത്.
● പ്രദേശം ജിയോ ഹെറിറ്റേജ് സൈറ്റായി സംരക്ഷിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.
- കുഞ്ഞിക്കണ്ണൻ മുട്ടത്ത്
ചെറുവത്തൂർ: (KasargodVartha) ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുവത്തൂർ മേഖലയിൽ നടന്ന ആഴത്തിലുള്ള ഖനനം കേരളത്തിന്റെ ഭൂതകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക കണ്ടെത്തലുകൾക്ക് വഴിയൊരുക്കി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉത്തര കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും എപ്രകാരമായിരുന്നുവെന്നതിന്റെ അപൂർവ്വ തെളിവുകളാണ് ഇവിടെനിന്നും ലഭിച്ച അവശിഷ്ടശിലകളിൽ (sedimentary rocks) നിന്ന് ഗവേഷകർക്ക് ലഭിച്ചത്.
മിയോ–പ്ലിയോസീൻ കാലഘട്ടത്തിൽ (ഏകദേശം 23 മുതൽ 2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്) കേരളത്തിന്റെ തീരരേഖ, നദീവ്യവസ്ഥ, കാലാവസ്ഥ എന്നിവ ഇന്നത്തെ അവസ്ഥയിൽ നിന്ന് വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കേരള സർവകലാശാലയുടെയും കേന്ദ്ര സർവകലാശാലയുടെയും സംയുക്ത ഗവേഷകസംഘമാണ് ചെറുവത്തൂരിൽ ഖനനത്തിനിടെ പുറത്തുവന്ന ശിലകളെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. ഈ ശിലാസമൂഹത്തെ ഗവേഷകർ ‘ചെറുവത്തൂർ ഫോർമേഷൻ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്കൻ കേരളത്തിൽ കാണപ്പെടുന്ന വർക്കല ഫോർമേഷനുമായി സമാനമായ ഭൂതകാല ഘടനയാണ് ചെറുവത്തൂരിലും കണ്ടെത്തിയത്.

തേജസ്വിനി നദിയുടെ ആദിരൂപം
ന്നത്തെ തേജസ്വിനി നദിയുടെ ആദിരൂപമായ വലിയൊരു നദി ഒരുകാലത്ത് ചെറുവത്തൂർ പ്രദേശത്തിലൂടെ അതിശക്തമായും വിശാലമായും ഒഴുകിയിരുന്നുവെന്ന് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. ശക്തമായ മൺസൂൺ മഴയുള്ള ഘട്ടങ്ങളിൽ ഈ നദി വലിയ അളവിൽ മണലും ചെളിയും ഇവിടെ നിക്ഷേപിച്ചിരുന്നു. പിന്നീട് കാലാവസ്ഥയിലും ഭൂവികാസത്തിലും ഉണ്ടായ മാറ്റങ്ങളെ തുടർന്ന് നദിയുടെ വഴികൾ മാറുകയും ചില നദിച്ചാനലുകൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി പ്രദേശത്ത് ലഗൂണുകളും ശുദ്ധജല ചതുപ്പുകളും രൂപപ്പെട്ടു.
കടൽനിരപ്പിലെ മാറ്റങ്ങൾ
ചില ഘട്ടങ്ങളിൽ കടൽപരിസ്ഥിതിയുടെ സ്വാധീനവും ഈ പ്രദേശത്ത് എത്തിയിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. അന്നത്തെ തീരരേഖ ഇന്നത്തെത്തേക്കാൾ ഏറെ അകത്തേക്കായിരുന്നു. കടൽനിരപ്പ് ഉയർന്നിരുന്ന കാലങ്ങളിൽ സമുദ്രജലത്തിന്റെ സ്വാധീനം നദീതടങ്ങളിലേക്കും ചതുപ്പുകളിലേക്കും വ്യാപിച്ചിരുന്നു.
അവശിഷ്ടശിലകളിലെ പാളികൾ പരിശോധിക്കുമ്പോൾ ആവർത്തിച്ചുണ്ടായ വെള്ളപ്പൊക്കങ്ങൾ, നദിയുടെ വഴിമാറ്റങ്ങൾ, വരൾച്ചാ ഘട്ടങ്ങൾ എന്നിവ വ്യക്തമായി തിരിച്ചറിയാനാകുന്നുണ്ടെന്ന് കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. സന്ദീപ് പറഞ്ഞു. പശ്ചിമഘട്ടത്തിന്റെ ഭൂവികാസത്തോടും മൺസൂൺ ശക്തിയിലെ മാറ്റങ്ങളോടും ചേർന്നാണ് ഈ പരിസ്ഥിതിവ്യതിയാനങ്ങൾ നടന്നത്.

സസ്യജാലങ്ങളും കാലാവസ്ഥയും
ഫോസിൽ പരാഗകണങ്ങൾ (fossil pollen) നൽകിയ സൂചനകൾ ഈ പഠനത്തിന് കൂടുതൽ വ്യക്തത നൽകുന്നുണ്ട്. ഫേൺ, പനവർഗങ്ങൾ, ശുദ്ധജല സസ്യങ്ങൾ, മാൻഗ്രൂവ് സസ്യങ്ങൾ എന്നിവയുടെ സാന്നിധ്യം അക്കാലത്ത് ചൂടും ഈർപ്പവും നിറഞ്ഞ ശക്തമായ മൺസൂൺ കാലാവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്നു. ചില ഘട്ടങ്ങളിൽ ഇന്നത്തെ കേരളത്തേക്കാൾ പോലും ശക്തമായ മഴ ലഭിച്ചിരുന്നുവെന്ന സൂചനകളും ഗവേഷകർ നൽകുന്നു. ശുദ്ധജലവും കടലും ചേർന്ന സ്വാധീനത്തിലുള്ള സമൃദ്ധമായ സസ്യലോകം അന്നത്തെ കേരളത്തിൽ നിലനിന്നിരുന്നുവെന്ന് കേരള സർവകലാശാല ജിയോളജി വിഭാഗത്തിലെ പ്രൊഫസർ ഡോ. ഇ. ഷാജി വ്യക്തമാക്കി.
ഗവേഷക സംഘം
കേരള സർവകലാശാല ജിയോളജി വിഭാഗത്തിലെ കെ.വി. ശരത്, അൽക അബ്സൂർ, നമിത അജയ്, ജി. ഇന്ദു, ഇ. ഷാജി എന്നിവരും, കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗത്തിലെ കെ. സന്ദീപ്, എ.കെ. റഫാസ് എന്നിവരുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ പൂനം വർമ്മ, യോഗേഷ് പി. സിംഗ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ വി. നന്ദകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എൽസെവിയർ (Elsevier) പ്രസിദ്ധീകരിക്കുന്ന രാജ്യാന്തര ഗവേഷണ ജേർണലിൽ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെറുവത്തൂർ ഫോർമേഷൻ കേരളത്തിന്റെ ഭൂതകാല ചരിത്രം മനസ്സിലാക്കുന്നതിനുള്ള സുപ്രധാന തെളിവുകളാണെന്നും, ഇത് ഒരു ജിയോ ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ച് സംരക്ഷിക്കേണ്ടതുണ്ടെന്നും ഗവേഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ മാറ്റങ്ങളും കടൽനിരപ്പ് വ്യതിയാനങ്ങളും വിലയിരുത്താൻ ഇത്തരം പഠനങ്ങൾ നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ദേശീയപാത പണി നടക്കുമ്പോൾ ചെറുവത്തൂരിൽ കണ്ടെത്തിയത് കേരളത്തിന്റെ 23 ദശലക്ഷം വർഷം പഴക്കമുള്ള ചരിത്രം! പുതിയ കണ്ടെത്തലുകൾ പങ്കുവെക്കൂ.
Article Summary: Researchers discover 'Cheruvathur Formation', a Mio-Pliocene geological formation revealing ancient river systems and climate history during NH-66 construction in Kerala.
#Cheruvathur #NH66 #Geology #KeralaHistory #ScienceNews #Kasargod #FossilDiscovery






