Family Reunion | ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് സംഗമം ഡിസംബർ 24ന്
● കുടുംബ സംഗമം, ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.
● ഡിസംബർ 24ന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തുന്നതോടെ സംഗമത്തിന് ഔദ്യോഗിക തുടക്കമാകും.
● പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ നവാസ് പാലേരിയുടെ മോട്ടിവേഷൻ ക്ലാസും സംഗമത്തിലെ പ്രധാന ആകർഷണമായിരിക്കും.
കാസർകോട്: (KasargodVartha) ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം വ്യത്യസ്‌തമായ പരിപാടികളോടെ ഡിസംബർ 24ന് ചെർക്കള വിൻ്റ് വാലി റിസോർട്ടിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 200 വർഷത്തെ പൈതൃക ചരിത്രവും ഒമ്പത് തലമുറയുടെ പാരമ്പര്യവുമായി 3500 കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കാളികളാകും. കുടുംബ സംഗമം, ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.
ഡിസംബർ 24ന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തുന്നതോടെ സംഗമത്തിന് ഔദ്യോഗിക തുടക്കമാകും. 9.30ന് സ്വാഗത സംഘം ചെയർമാൻ സിഎ അഹമ്മദ് ഹാജി അസ്മാസിൻ്റെ ഉദ്ഘാടന പ്രസംഗത്തോടെ പരിപാടികൾക്ക് ആരംഭം കുറിക്കും. ജനറൽ കൺവീനർ പിഎ അബ്ദുല്ല പള്ളീൻ്റടുക്കം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഖലീൽ ഹുദവി കല്ലായം ഉദ്ബോധന പ്രഭാഷണം നടത്തും. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ നവാസ് പാലേരിയുടെ മോട്ടിവേഷൻ ക്ലാസും സംഗമത്തിലെ പ്രധാന ആകർഷണമായിരിക്കും.
കുടുംബത്തിൻ്റെ വളർച്ചയ്ക്കും നിലനിൽപ്പിനുമായി അക്ഷീണം പ്രയത്നിച്ച 70 വയസ് തികഞ്ഞ മുതിർന്ന പൗരന്മാരെ സംഗമ വേദിയിൽ ആദരിക്കും. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പൂർവികരുടെ സ്മരണകൾക്ക് മുന്നിൽ പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കും. സ്ത്രീകളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി 'വനിതാ വിചാരം' എന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കും. കുട്ടികളുടെ കലാപരിപാടികളും മുതിർന്നവരുടെ വിനോദ പരിപാടികളും ഓപ്പൺ ഫോറവും സംഗമത്തിന് മാറ്റുകൂട്ടും.
ഈ സംഗമത്തിന് പിന്നാലെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനായി ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ പ്രീമിയർ ലീഗുകൾക്ക് തുടക്കം കുറിക്കും. മത, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കുടുംബാംഗങ്ങളെ ആദരിക്കുന്നതിനായി 'പ്രതിഭാസംഗമം' എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.
കുടുംബാംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു ട്രസ്റ്റ് രൂപീകരിക്കും. സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു ബ്ലഡ് ബാങ്കിന് രൂപം നൽകാനും പദ്ധതിയുണ്ട്. ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ പരിപാടികൾ, കലാ-വിനോദ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
കുടുംബത്തിൻ്റെ സമ്പൂർണ്ണ ചരിത്രം പറയുന്ന ഡോക്യുമെൻ്ററിയും 300 പേജുകളിൽ അധികം വിവരങ്ങൾ ഉൾക്കൊള്ളുന്ന സുവനീറും പ്രസിദ്ധീകരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ സിഎ അഹമ്മദ് ഹാജി അസ്മാസ്, ജനറൽ കൺവീനർ പിഎ അബ്ദുല്ല ടോപ്പ്, ഓർഗനൈസിംഗ് കൺവീനർ ഹാരിസ് തായൽ, ഇബ്രാഹിം ബാലടുക്ക, കെഎ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് തായൽ എന്നിവർ പങ്കെടുത്തു.
#CherkalamFamily #PalliyanKunichcha #FamilyGathering #KasargodEvents #CulturalCelebration #KeralaFamily