ചെർക്കള ടൗണിൽ റോഡ് തകർച്ച പൂർണം; യാത്രാക്ലേശം രൂക്ഷം, കുഴികളും ചെളിവെള്ളവും വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു
● പ്രധാന റോഡുകളിലെ കുഴികൾ വലിയ ഗർത്തങ്ങളായി മാറിയെന്നാണ് വ്യാപാരികളുടെ പരാതി
● കെഎസ്ആർടിസി ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പാതയാണിത്
● ടൗണിന് സമീപത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കും നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്
● റോഡ് അറ്റകുറ്റപ്പണികൾ നടത്തേണ്ട ദേശീയപാത നിർമാണ കമ്പനി തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം
ചെർക്കള: (KasargodVartha) ജില്ലയിലെ തിരക്കേറിയ പ്രധാന ടൗണുകളിലൊന്നായ ചെർക്കളയിൽ റോഡ് തകർച്ച പൂർണമായി. വാഹന ഗതാഗത തടസത്തോടൊപ്പം കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലെ ചെളിവെള്ളം സമീപത്തെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
ഒരു ഭാഗത്ത് ചെർക്കള ടൗണിൽ ദേശീയപാത മേൽപ്പാലത്തിൻ്റെ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിൻ്റെ അടിഭാഗത്ത് പൂർണമായും ചെളി നിറഞ്ഞു കിടക്കുന്നത് നാട്ടുകാർക്ക് വലിയ പ്രയാസമാകുന്നുണ്ട്. ഇതിനുപുറമെ ദേശീയപാതയുടെ ഭാഗമായ പ്രധാന റോഡുകളെല്ലാം തന്നെ നഗരത്തിൽ തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
കുഴികൾ എണ്ണാൻ കഴിയാതെ വ്യാപാരികൾ
ടൗണിലെ കുഴികൾ എണ്ണാൻ തുടങ്ങിയാൽ എത്രയെന്ന് തിട്ടപ്പെടുത്താൻ കഴിയില്ലെന്നാണ് വ്യാപാരികൾ തമാശയായി പറയുന്നത്. അത്രയേറെ തകർച്ചയാണ് റോഡുകൾ നേരിടുന്നത്. റോഡിലെ കുഴികൾ ചിലയിടങ്ങളിൽ വലിയ ഗർത്തങ്ങളായും രൂപാന്തരപ്പെട്ടിട്ടുണ്ട്. ദിവസേന നൂറുകണക്കിന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാതയാണിത്.
ചെർക്കള ടൗണിൽ നിന്ന് ബദിയടുക്ക, ബോയ്ക്കാനം, ചട്ടഞ്ചാൽ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ നിരവധി സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. ടൗണിന് സമീപത്തായി തന്നെ സർക്കാർ സ്കൂളുകൾ അടക്കം ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളുമുണ്ട്. ഇവിടെനിന്ന് ടൗണിലെത്തുന്ന വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് റോഡിലെ കുഴിയും ചെളിവെള്ളവും കാരണം നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

നടപടിയെടുക്കാതെ നിർമാണ കമ്പനി
റോഡ് അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തേണ്ടത് ദേശീയപാത നിർമാണ കമ്പനിയാണ്. എന്നാൽ ദേശീയപാതയുടെ നിർമാണം തന്നെ ഒരു ഭാഗത്ത് മന്ദഗതിയിലുള്ളപ്പോൾ, റോഡിൻ്റെ കാര്യം ശ്രദ്ധിക്കാൻ ഇവർക്ക് എവിടെയാണ് സമയമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മഴക്കാലത്തിനു മുൻപ് തന്നെ റോഡുകളുടെയും അടിപ്പാതകളുടെയും ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ചെങ്കള പഞ്ചായത്ത് ഭരണസമിതിയും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും വ്യാപാരികളും സന്നദ്ധസംഘടനകളും ശക്തമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നിർമാണ കമ്പനി അധികൃതർ ഇത് ചെവിക്കൊണ്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Cherkala town in Kasaragod district is facing severe travel and pedestrian issues due to completely damaged roads and stalled National Highway overpass construction.
#Cherkala #KasaragodNews #RoadDamage #NationalHighway #KeralaNews #PublicIssue #MalayalamNews #AparnaNews






