ചെർക്കളയിലെ സർവീസ് റോഡ് പ്രശ്നം: പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരത്തിലേക്ക്
● ചെർക്കള ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കണം.
● ട്രാഫിക് സിഗ്നലുകൾ ഇല്ലാത്തതിനാൽ കണ്ടെയ്‌നർ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു.
● ഈ കുരുക്കിൽ ആംബുലൻസുകൾ പോലും അകപ്പെടുന്നു.
● കച്ചവടക്കാർക്കും കാൽനട യാത്രക്കാർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം വേണം.
കാസർകോട്: (KasargodVartha) ദേശീയപാതയിൽ ചെർക്കളയിലെ മേൽപ്പാലം ഗതാഗതത്തിനായി ഉടൻ തുറന്നു നൽകണമെന്നും, തകർന്ന് സഞ്ചാര യോഗ്യമല്ലാത്ത വിധം താറുമാറായി കിടക്കുന്ന സർവീസ് റോഡുകളിൽ എത്രയും പെട്ടെന്ന് ശാശ്വതമായ പരിഹാരമുണ്ടാകുന്ന രീതിയിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെർക്കള ടൗൺ വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധത്തിലേക്ക്.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് കമ്മിറ്റി വിദ്യാനഗർ സി ഐ ക്കും മേഘ കൺസ്ട്രക്ഷൻ കമ്പനിക്കും നിവേദനം നൽകി. ചെർക്കള ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യവും യൂത്ത് ലീഗ് ഉന്നയിച്ചിട്ടുണ്ട്.
ദൂര ദിക്കിൽ നിന്നും വരുന്ന കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെ കൃത്യമായ ട്രാഫിക് സിഗ്നലുകൾ ഇല്ലാത്തതിനാൽ മണിക്കൂറുകളോളമാണ് ചെർക്കള ടൗണിൽ കുടുങ്ങിക്കിടക്കുന്നത്. ഈ കുരുക്കിൽ അത്യാഹിതവുമായി പോകുന്ന ആംബുലൻസുകൾ പോലും പലപ്പോഴും അകപ്പെടുന്നുണ്ട്. ഇത് ടൗണിലെ യാത്രാദുരിതം വർദ്ധിപ്പിക്കുന്നു.
കച്ചവടക്കാർക്കും കാൽനട യാത്രക്കാർക്കും ഈ അവസ്ഥയുണ്ടാക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും കണ്ടറിഞ്ഞ് അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കണം എന്നും യൂത്ത് ലീഗ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ടൗൺ വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇതിനു മുൻപ് തന്നെ മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വിദ്യാനഗർ സി ഐ ക്കും പരാതി നൽകിയിരിക്കുന്നത്.
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ ചെർക്കള, വാർഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നിസാമുദ്ധീൻ ചെർക്കള, ട്രഷറര്‍ നൗഫൽ ടോപ്, വൈസ് പ്രസിഡന്റ് അശ്റഫ് ചെർക്കള, ജോയിന്റ് സെക്രട്ടറി ആഷിക്ക് കോളിക്കട്ട എന്നിവരാണ് നിവേദനം നൽകുന്നതിന് നേതൃത്വം നൽകിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.
Article Summary: Youth League protests demanding permanent solution for Cherkala service road and flyover issues.
#Cherkala #YouthLeague #ServiceRoad #Kasargod #HighwayIssue #Protest






