city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയല്‍ക്കാര്‍ വഴിയടച്ചു; ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ അസുഖംബാധിച്ച ഗൃഹനാഥന്‍ വീട്ടില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 11/09/2015) അയല്‍ക്കാര്‍ വഴിയടച്ചതോടെ അസുഖംബാധിച്ച ഗൃഹനാഥനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഗൃഹനാഥന്‍ വീട്ടില്‍വെച്ചുതന്നെ മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും കാസര്‍കോട് നര്‍ത്തകി തീയേറ്ററിന് സമീപത്തെ അശോക് ഹോട്ടലിലെ ജീവനക്കാരനുമായിരുന്ന ചെറിയ അപ്പു (75) ആണ് മരിച്ചത്.

ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് രണ്ടാഴ്ചയോളം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെറിയ അപ്പു. സര്‍ക്കാര്‍സ്ഥലം കയ്യേറി സ്വകാര്യ വ്യക്തികള്‍ രണ്ട് മതിലുകള്‍ നിര്‍മിച്ച് കെട്ടിയടച്ചതിനാല്‍ നാലുപേര്‍ചേര്‍ന്ന് കസേരയില്‍ ഇരുത്തി ചുമന്ന് കാട്ടിലൂടെ ഒരുകിലോമീറ്ററോളം സഞ്ചരിച്ചാണ് ചെറിയ അപ്പുവിനെ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് അസുഖം ഭേദമായപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് വീട്ടിലും എത്തിച്ചത്.

ഇതിന് ശേഷം വ്യാഴാഴ്ച രാവിലെ വീണ്ടും അവശതയുണ്ടായപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ചെറിയ അപ്പു മകന്‍ മരണപ്പണിക്കാരനായ ദിനേഷിനോട് പറഞ്ഞിരുന്നു. എന്നാല്‍ ചുമന്നുകൊണ്ടുപോകാന്‍ ആളെകിട്ടാത്തതിനാല്‍ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ മകന് കഴിഞ്ഞില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച രാവിലെയോടെ ചെറിയ അപ്പു മരണത്തിന് കീഴടങ്ങിയത്. നേരത്തെ ഈ പ്രദേശത്തേക്ക് റോഡ് സൗകര്യമുണ്ടായിരുന്നതായി ചെറിയ അപ്പുവിന്റെ മകന്‍ പറയുന്നു.

സ്വകാര്യ വ്യക്തിക്കള്‍ 50 ഏക്കറോളം സര്‍ക്കാര്‍ സ്ഥലം കയ്യേറി സ്വന്തമാക്കിയതോടെ ഇവരുടെ വീട്ടിലേക്കുള്ള വഴിയടയുകയായിരുന്നു. തൊട്ടടുത്ത് മറ്റൊരു സ്വകാര്യ വ്യക്തിയും സര്‍ക്കാര്‍ സ്ഥലം കയ്യേറി മതില്‍കെട്ടിയതായും പരാതിയുണ്ട്. സ്ഥലത്തിന് അവകാശതര്‍ക്കമുണ്ടായപ്പോള്‍ നേരത്തെ ഇവിടെ സംഘട്ടനവും നടന്നിരുന്നു. വഴിയില്ലാത്തതിനാല്‍ മൃതദേഹം എരിയാല്‍ ലക്ഷം വീട് കോളനിക്ക് സമീപത്തെ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി സംസ്‌കരിക്കാനും കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് വീട്ടുപറമ്പില്‍തന്നെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലം കയ്യേറി മതില്‍കെട്ടിയവര്‍ക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കയ്യേറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

നിര്‍മലയാണ് അപ്പുവിന്റെ ഭാര്യ. മറ്റുമക്കള്‍: ശൈലജ, ദിനേശ്, പ്രശാന്ത്, ഷീബ.

അയല്‍ക്കാര്‍ വഴിയടച്ചു; ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ അസുഖംബാധിച്ച ഗൃഹനാഥന്‍ വീട്ടില്‍ മരിച്ചു

Keywords : Kasaragod, Kerala, Death, Hospital, Treatment, Eriyal, Blarkod, Appu. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia