Proposal | ചേരങ്കൈ തീരദേശ റോഡ് മൊഗ്രാൽ പുത്തൂറുമായി ബന്ധിപ്പിക്കണം'; ദേശീയപാത സർവീസ് റോഡിലെ ദുരിതം മാറ്റാൻ പുതിയ നിർദേശം
● ചേരങ്കൈ-മൊഗ്രാൽ പുത്തൂർ തീരദേശ റോഡ് ബന്ധിപ്പിക്കുന്ന പദ്ധതി
● കാസർകോട് ടൗണിൽ പ്രവേശിക്കാൻ ദേശീയപാത ആശ്രയിക്കേണ്ടതില്ല
● സർവീസ് റോഡിലെ തിരക്ക് കുറക്കാനും ഗതാഗതം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യം
കാസറകോട്: (KasargodVartha) ദേശീയപാതയിലെ യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തിൽ, തീരദേശ റോഡ് ഗതാഗത സംവിധാനം വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരുന്നു. 2025 മാർച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത നിർമ്മാണം പൂർത്തിയായാലും, സർവീസ് റോഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന തിരിച്ചറിവാണ് ഈ നിർദേശത്തിന് ആക്കം കൂട്ടുന്നത്.
നിലവിൽ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. ഇവയെ പരസ്പരം ബന്ധിപ്പിച്ച് ഒരു തുടർച്ചയായ ഗതാഗത സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ നിർദ്ദേശം. കാസർകോട് നെല്ലിക്കുന്ന് കടപ്പുറം ചേരങ്കൈ റോഡ് വഴി നിലവിൽ സിപിസിആർഐ-ചൗക്കി വരെ തീരദേശ ഗതാഗത സൗകര്യമുണ്ട്. ഇത് മൊഗ്രാൽ പുത്തൂർ തീരദേശവുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. ഭാവിയിൽ ഇത് അനിവാര്യമാണെന്നും ഇവർ പറയുന്നുമുണ്ട്.
മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ നിലവിൽ ദേശീയപാതയിൽ നിന്ന് റെയിൽവേ അടിപ്പാത സൗകര്യമുണ്ട്. ചേരങ്കൈ -ചൗക്കി തീരദേശ റോഡിനെ മൊഗ്രാൽപുത്തൂറുമായി ബന്ധിപ്പിച്ചാൽ, കാസർകോട് ടൗണിൽ പ്രവേശിക്കാൻ ദേശീയപാതയെ ആശ്രയിക്കേണ്ടതില്ല. ഇത് സർവീസ് റോഡിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പദ്ധതിക്ക് കാസർകോട് നഗരസഭയും, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തും മുൻകൈയെടുക്കണമെന്നാണ് ആവശ്യം. ഇത് സർവീസ് റോഡിലെ യാത്രാദുരിതത്തിനും പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു.
ഈ പദ്ധതി യാഥാർത്ഥ്യമായാൽ കുമ്പള കോയിപ്പാടി വഴി മൊഗ്രാൽ കൊപ്പളത്തിലേക്കുള്ള തീരദേശ റോഡ് വഴി മൊഗ്രാൽ പുത്തൂരിലെ തീരദേശ റോഡിനെ ആശ്രയിച്ചാൽ തീരമേഖലയിൽ 15 കിലോമീറ്റർ റോഡ് സർവീസ് യാഥാർത്ഥ്യമാകും. ഇത് പടിഞ്ഞാർ ഭാഗത്തുള്ള ജനങ്ങൾക്ക് ദേശീയപാത സർവീസ് റോഡിനെ ആശ്രയിക്കാതെ തന്നെ തീരദേശത്തു കൂടി വലിയ ഗതാഗത സൗകര്യമാവുകയും ചെയ്യും. ഇതിന് വേണ്ട പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് പടിഞ്ഞാർ പ്രദേശ വാസികളുടെ ആവശ്യം.
#CherangaiCoastalRoad, #MogralPuthur, #KasargodTraffic, #NationalHighwayRelief, #CoastalConnectivity, #RoadProposal