ചെന്നിത്തല നയിക്കുന്ന സ്നേഹ സന്ദേശയാത്രയ്ക്ക് ജില്ല ഒരുങ്ങി
May 8, 2012, 16:32 IST
കാസര്‍കോട്: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന സ്നേഹസന്ദേശ യാത്രയ്ക്ക് കാസര്‍കോട് ജില്ല ഒരുങ്ങിയതായി കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന സ്നേഹസന്ദേശ യാത്ര മെയ് 10ന് വൈകുന്നേരം മൂന്ന് മണിക്ക് ഹൊസങ്കടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല നയിക്കുന്ന സന്ദേശ യാത്ര ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. മതസൌഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിച്ചതോടെയാണ് മതസൌഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹസന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് പതാക നല്‍കി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് 6.30ന് ആദ്യ ദിവസത്തെ യാത്ര ഉപ്പളയില്‍ സമാപിക്കും. 11 ന് രാവിലെ ഉപ്പള ടൌണില്‍ നിന്നും ആരംഭിക്കുന്ന ജാഥക്ക് 11.30 ന് കുമ്പളയില്‍ സ്വീകരണം നല്‍കും. വൈകിട്ട് 6.30 ന് കാസര്‍കോട്ട് രണ്ടാം ദിവസത്തെ യാത്ര സമാപിക്കും.
12 ന് രാവിലെ 10.30ന് മേല്‍പ്പറമ്പിലും, 11.30ന് ഉദുമയിലും സ്വീകരണത്തിന് ശേഷം വൈകുന്നേരം 6.30ന് പള്ളിക്കരയില്‍ മൂന്നാം ദിവസത്തെ യാത്ര സമാപിക്കും. 13 ന് 10.30 മണിക്ക് ചാമുണ്ഡിക്കുന്ന് ജംഗ്ഷനിലും, 11.30ന് കാഞ്ഞങ്ങാട്ടും പൊതുയോഗത്തിന് ശേഷം വൈകുന്നേരം 6.30 മണിക്ക് നീലേശ്വരത്ത് നാലാം ദിവസത്തെ യാത്ര സമാപിക്കും. 14 ന് 11.30 മണിക്ക് ചെറുവത്തൂരിലും, 4.30ന് കാലിക്കടവിലും സ്വീകരണത്തിന് ശേഷം തൃക്കരിപ്പൂര്‍ 6.30 മണിക്ക് യാത്ര സമാപിക്കും.
സമാപന സമ്മേളനം കേന്ദ്ര പ്രവാസ കാര്യവകുപ്പ് മന്ത്രി വയലാര്‍രവി ഉദ്ഘാടനം ചെയ്യും. ഹൊസങ്കടിയിലെ ഉദ്ഘാടന പരിപാടിയില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, ഗ്രാമവികസന മന്ത്രി കെ.സി ജോസഫ്, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. സുധാകരന്‍ എം.പി, എം.കെ രാഘവന്‍ എം.പി, ബെന്നി ബഹന്നാന്‍ എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, എ.ഐ.സി.സി സെക്രട്ടറി വിനയകുമാര്‍ സൊര്‍ക്കെ, ദക്ഷിണ കര്‍ണാടക ഡി.സി.സി പ്രസിഡന്റ് രമാനാഥ റൈ തുടങ്ങിയവര്‍ പങ്കെടുക്കും. ജാഥയുടെ വിവധ ദിവസങ്ങളില്‍ വി.എം സുധീരന്‍ കേന്ദ്രമന്ത്രിമാരായ കെ.സി വേണൂഗോപല്‍, കെ.വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, മന്ത്രിമാരായ പി.കെ ജയലക്ഷ്മി, കെ. ബാബു, എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ജാഥയില്‍ 101പേര്‍ സ്ഥിരാംഗങ്ങളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് കെ. വെളുത്തമ്പു, കെ.പി.സി.സി അംഗം സി.കെ ശ്രീധരന്‍, ഡി.സി.സി ജന. സെക്രട്ടറി കെ നീലകണ്ഠന്‍, വൈസ് പ്രസിഡന്റ് പി.എ അഷ്റഫ് അലി, ഫൈസല്‍, കെ കെ രാജേന്ദ്രന്‍, ബാലകൃഷ്ണ വോര്‍കുഡ്ലു, ആര്‍ ഗംഗാധരന്‍, കരുണ്‍ താപ്പ എന്നിവര്‍ സംബന്ധിച്ചു.
Keywords: Chennithala's, Sneha sandesha yathra, Kasaragod