city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chenkallara | കാളാംമുലയിൽ മഹാശിലാ സംസ്കാരത്തിൻ്റെ ശേഷിപ്പുകളായ എട്ട് ചെങ്കല്ലറകൾ കണ്ടെത്തി

Chenkallara

കാസർകോട് ജില്ലയിൽ നിന്ന് കണ്ടെത്തിയ മഹാശിലാ സ്മാരകങ്ങളിൽ ചെങ്കല്ലറകളുടെ എണ്ണം നൂറുകടന്നു

 

നീലേശ്വരം: (KasaragodVartha) കിനാനൂർ-കരിന്തളം പഞ്ചായതിലെ പരപ്പ വിലേജിലെ കാളാംമൂലയിൽ രണ്ടായിരം വർഷത്തോളം പഴക്കം വരുന്ന മഹാശിലാ സാംസ്കാരത്തിൻ്റെ ശേഷിപ്പുകളായ ചെങ്കല്ലറകൾ കണ്ടെത്തി.  വിസ്മയിപ്പിക്കുന്ന വലുപ്പത്തിലുള്ള ഒരു ചെങ്കല്ലറയും കൂടാതെ ഏഴ് ചെങ്കല്ലറകളുമാണ് കണ്ടെത്തിയത്. പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം, പ്രദേശവാസികളായ വി രാഘവൻ, പി സുമിത്ത് കുമാർ, ഷിനു കൂടോൽ, വി കെ സാഗർ, പി പ്രമോദ് എന്നിവരുടെ സഹായത്തോടെ നടത്തിയ ഭൂതല നിരീക്ഷണത്തിലാണ് പുരാതന ഗുഹകൾ പ്രദേശവാസിയുടെ പറമ്പിൽ കണ്ടെത്തിയത്. 

ഗുഹകളുടെ ചരിത്ര പ്രാധാന്യം മനസിലാക്കിയ സതീശൻ കാളിയാനം അറിയിച്ചതനുസരിച്ച് കാളാംമൂല സന്ദർശിച്ച ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ.നന്ദകുമാർ കോറോത്ത്, ഗുഹകൾ മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. അര കിലോമീറ്റർ ചുറ്റളവിലാണ് എട്ട് ചെങ്കല്ലറകൾ കണ്ടെത്തിയത് എന്നത് കാളാംമൂല മഹാശിലാ സംസ്കാര കാലഘട്ടത്തിലെ പ്രധാനപ്പെട്ട അധിവാസ കേന്ദ്രമായിരുന്നു എന്നതിന് തെളിവാണെന്ന് ഗവേഷകർ വിശദീകരിച്ചു.

Chenkallara

കാസർകോട് - കണ്ണൂർ ജില്ലകളിൽ നിന്ന് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിപ്പം കൂടിയതാണ് സി വി ദാമോദരൻ്റെ പറമ്പിൽ നിന്ന് കണ്ടെത്തിയത്. സാധാരണയായി മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകൾക്ക് മുകളിൽ മധ്യഭാഗത്തായി കാണാറുള്ള ദ്വാരവും കല്ലുകൊണ്ടുള്ള അടപ്പും ഇല്ലാത്തതു കൊണ്ടായിരിക്കാം വിസ്മയകരമായ ഈ ചരിത്ര ശേഷിപ്പ് ശ്രദ്ധിക്കപ്പെടാതെ പോയതെന്നാണ് കരുതുന്നത്. ഇതേ ചെങ്കല്ലറയുടെ മുകൾ ഭാഗത്ത് അരികുകളിൽ വൃത്താകൃതിയിൽ പതിനാല് കാൽക്കുഴികൾ ഉണ്ടെന്നത് ഈയൊരു ചെങ്കല്ലറയ്ക്ക് മറ്റു ചെങ്കല്ലറയെക്കാൾ പ്രാധാന്യം ഉണ്ടെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. 

മഹാശിലാ കാലഘട്ടത്തിലെ സാംസ്കാരത്തിൻ്റെ ഭാഗമായി വലിയ മരത്തടികൾ കാൽക്കുഴിയിൽ ഇറക്കിവെച്ച് മേൽക്കൂരയുണ്ടാക്കി അനുഷ്ഠാനങ്ങൾ നടത്തിയിരുന്നോ എന്നത് പുരാവസ്തു വിദഗ്ദ്ധർ പഠനവിധേയമാക്കേണ്ടതാണ്. കുടിലുകൾ നിർമിക്കാൻ ഉണ്ടാക്കിയതെന്ന് കരുതാവുന്ന വൃത്താകൃതിയിൽ ഇരുപത് ചതുരശ്ര അടി വിസ്തൃതിയിൽ പത്തിലധികം കാൽക്കുഴികൾ വീതം സമീപത്ത് പതിനഞ്ചിടങ്ങളിലായി ദൃശ്യമാണ്‌.  കാളാംമൂലയിലെ കണ്ടെത്തലോടെ കാസർകോട് ജില്ലയിൽ നിന്ന് കണ്ടെത്തിയ മഹാശിലാ സ്മാരകങ്ങളിൽ ചെങ്കല്ലറകളുടെ എണ്ണം നൂറു കടന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia