Van Radiator | സ്‌കൂള്‍ വാനിന്റെ റേഡിയേറ്ററില്‍നിന്ന് ചൂട് വെള്ളം തെറിച്ച് 2 വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു
കുട്ടികള്‍ വാനിന്റെ മുന്‍വശത്ത് ഡ്രൈവറുടെ സീറ്റിനടുത്ത് ഇരിക്കുകയായിരുന്നു.
ഓട്ടത്തിന് മുന്‍പ് വാഹനം കൃത്യമായി പരിശോധിക്കാത്തതിന്റെ അശ്രദ്ധയാവാം
ഉടന്‍ ആശുപത്രിയിലെത്തിച്ച് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കി.
കാസര്‍കോട്: (KasargodVartha) സ്‌കൂള്‍ വാനിന്റെ റേഡിയേറ്ററില്‍നിന്ന് ചൂട് വെള്ളം തെറിച്ച് പ്രൈമറി ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു. ചെങ്കള പഞ്ചായതിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്കാണ് അപകടം പറ്റിയത്.
വ്യാഴാഴ്ച (06.06.2024) രാവിലെ 9.30 മണിയോടെയാണ് സംഭവം. വാനിന്റെ മുന്‍വശത്ത് ഡ്രൈവറുടെ സീറ്റിനടുത്ത് ഇരിക്കുകയായിരുന്ന ഏഴ് വയസുള്ള മുഹമ്മദ് ഇസ്ഹാനും എട്ടും വയസുളള മറ്റൊരു കുട്ടിക്കുമാണ് കാലിന് പൊള്ളലേറ്റത്. ഇതില്‍ മുഹമ്മദ് ഇസ്ഹാന് രണ്ട് കാലിനും ചൂട് വെള്ളം തെറിച്ചു. മുന്‍വശത്ത് റേഡിയേറ്ററിന്റെ അടപ്പ് തുറന്നുകിടന്നതാണ് ചൂടി വെള്ളം പുറത്തേക്ക് തെറിക്കാന്‍ കാരണമായത്. ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ച് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കി.
അപകടം എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായി അറിയില്ലെന്നും ഇതേക്കുറിച്ച് ഡ്രൈവറില്‍നിന്നും വിശദീകരണം തേടിയതായും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഓട്ടത്തിന് മുന്‍പ് വാഹനം കൃത്യമായി പരിശോധിക്കാത്തതുകൊണ്ട് സംഭവിച്ചതാണെന്നാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.