Chendathodi Bridge | ചെങ്കള ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍; ഭീതിയൊഴിയാതെ നാട്ടുകാര്‍
കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് അകത്തെ ഇരുമ്പ് കമ്പികള്‍ പുറത്ത് കാണാം.
പാലം പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍.
ചെര്‍ക്കള: (KasargodVartha) ചെങ്കള പഞ്ചായതിലെ അഞ്ച്, ആറ് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി ബണ്ടുംകുഴി പാലം അപകടാവസ്ഥയില്‍. ദിനേന കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന പാലമാണിത്. കാലപ്പഴക്കത്താലുള്ള ബലക്ഷയത്തിന് പുറമെ പാലത്തില്‍ നിരന്തരമായി വാഹനങ്ങള്‍ പ്രവേശിക്കുന്നതും വീതി കുറഞ്ഞ പാലത്തിന് കൈവരികള്‍ ഇല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു.
പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബലക്ഷയം കാരണം പാലത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് അകത്തെ ഇരുമ്പ് കമ്പികള്‍ പുറത്ത് കാണുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പുതിയ പാലം നിര്‍മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ട് പോകാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് പുതിയ പാലം പണിത് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.