Police FIR | സ്ഥലംവാങ്ങി പണം നൽകാതെ വഞ്ചിച്ചതായി പരാതി; കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു
* 'ആറ് മാസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് സ്ഥലം രജിസ്റ്റർ ചെയ്‌തത്'
ചട്ടഞ്ചാൽ: (KasaragodVartha) സ്ഥലംവാങ്ങി പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. മാങ്ങാട് താമരക്കുഴിയിലെ ടി വി അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയിലാണ് മുസ്ലിം ലീഗ് ഉദുമ പഞ്ചായത് സെക്രടറി എം എച് മുഹമ്മദ് കുഞ്ഞിക്കെതിരെ കോടതി നിർദേശ പ്രകാരം മേൽപറമ്പ് പൊലീസ് കേസെടുത്തത്.
വീട് വെക്കാനായി എം എച് മുഹമ്മദ് കുഞ്ഞിക്ക് വർഷങ്ങൾക്ക് മുമ്പ് താൻ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നതായി ടി വി അബ്ദുല്ലക്കുഞ്ഞി പറയുന്നു. പിന്നീട് അഞ്ച് സെന്റ് സ്ഥലം കൂടി അഞ്ച് ലക്ഷം രൂപ വില നിശ്ചയിച്ച് എം എച് മുഹമ്മദ് കുഞ്ഞിക്ക് നൽകിയെങ്കിലും ഇതുവരെയും പണം നൽകിയിട്ടില്ലെന്നാണ് അബ്ദുല്ലക്കുഞ്ഞിയുടെ പരാതി.
മധ്യസ്ഥ ചർച്ച പ്രകാരം ആറ് മാസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് സ്ഥലം രജിസ്റ്റർ ചെയ്‌തതെന്നും എന്നാൽ ആറ് മാസത്തിന് ശേഷം നേരിട്ടും മധ്യസ്ഥന്മാർ മുഖേനയും പല പ്രാവശ്യം പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് അബ്ദുല്ലക്കുഞ്ഞി വ്യക്തമാക്കി. ബന്ധുക്കളെ വിവരം അറിയിച്ചതിന്റെ പേരിൽ എം എച് മുഹമ്മദ് കുഞ്ഞി ഭൂവുടമയെ പരസ്യമായി അപമാനിച്ചതായും ആരോപണമുണ്ട്.
പിന്നീട് മുസ്ലിം ലീഗ് നേതാവ് കല്ലട്ര മാഹിൻ ഹാജിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഒമ്പത് മാസത്തിനകം പണം നൽകുന്നതിന് കരാർ ആയെങ്കിലും സമയപരിധി പിന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഇതേ തുടർന്നാണ് ടി വി അബ്ദുല്ലക്കുഞ്ഞി കോടതിയെ സമീപിച്ചത്. വഞ്ചനാകുറ്റമടക്കം ചുമത്തി ഐപിസി 420, 341, 294 ബി വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.