Charity | ബസില്‍ കണ്ട പരിചയം മാത്രം; കാന്‍സര്‍ ബാധിച്ച 3 വയസുകാരിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ 'ഫാത്വിമാസ്' ബസിലെ ജീവനക്കാരുടെ കരുതല്‍
കാസര്‍കോട്: (KasargodVartha) അനുദിനം തിരക്കേറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസുമായി ചിലരെങ്കിലുമുണ്ടെന്ന് കാണിച്ചുതരികയാണ് കണ്ണൂര്‍ - കാസര്‍കോട് റൂടിലോടുന്ന ഫാത്വിമാസ് ബസിലെ ജീവനക്കാര്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ കംപനിയുടെ രണ്ട് ബസുകളാണ് കാരുണ്യയാത്രയ്ക്കായി കൈകോര്‍ത്തിരിക്കുന്നത്.
രക്താര്‍ബുദം ബാധിച്ച് ഒരുവര്‍ഷത്തോളമായി തലശേരി കാന്‍സര്‍ സെന്ററില്‍ ചികിത്സില്‍ കഴിയുന്ന കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് വയസുകാരിക്ക് വേണ്ടിയാണ് ഈ നന്മ. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് മകളുടെ ചികിത്സയ്ക്ക് വേണ്ടി ഭാരിച്ച തുകയാണ് വേണ്ടിവരുന്നത്. ഒരു വയസുള്ള മറ്റൊരുകുട്ടി കൂടി ഇവര്‍ക്കുണ്ട്. ചികിത്സയ്ക്കായി ഇവര്‍ക്ക് മിക്ക ദിവസങ്ങളിലും തലശേരിയിലേക്ക് പോകേണ്ടതായുണ്ട്.
ഫാത്വിമാസ് ബസിലാണ് മിക്കവാറും കുടുംബം യാത്ര ചെയ്യുന്നത്. ആദ്യമൊന്നും ആശുപത്രിയില്‍ ചികിത്സയ്ക്ക് പോവുകയാണെന്ന കാര്യം ബസ് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് പോകുന്നതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ജീവനക്കാര്‍ക്ക് മനസിലായത്. ഇതിന് ശേഷം ആശുപത്രിയില്‍ പോകാന്‍ സൗജന്യ യാത്രയായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇവരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് വ്യക്തമായത്.
ഇതോടെയാണ് ചികിത്സയ്ക്കുള്ള തുക കണ്ടെത്താന്‍ രണ്ട് ദിവസം ബസ് കാരുണ്യ യാത്ര നടത്തുന്നത്. ടികറ്റ് നല്‍കാതെ ബസില്‍ കയറുന്ന യാത്രക്കാരോട് കഴിയുന്ന സഹായം ആവശ്യപ്പെടുകയാണ് ചെയുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. യാത്രക്കാരില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലയില്‍ ഇത്തരം കാരുണ്യ യാത്രകള്‍ നടത്തുന്ന ഏതാനും ബസുകള്‍ കൂടിയുണ്ട്. ഇവരെല്ലാം സമൂഹത്തിന് മാതൃകയാവുകയാണ് ചെയ്യുന്നത്.
നിരാലംഭരുടെ കണ്ണീരൊപ്പാന്‍ ബസ് ജീവനക്കാര്‍ കാണിക്കുന്ന മഹത്തായ സംഭാവനയും യാത്രക്കാരെ ചേര്‍ത്തുപിടിക്കാനുള്ള മനോഭാവത്തെയും യാത്രക്കാര്‍ പല രീതിയിലുള്ള പിന്തുണയോടെയാണ് സ്വീകരിക്കുന്നത്. ഫാത്വിമാസ് ബസ് ജീവനക്കാര്‍ ഉള്‍പെടെയുള്ളവരുടെ ഒരു ദിവസത്തെ മുഴുവന്‍ വേതനതുകയും നിര്‍ധന കുടുംബത്തിന് കൈമാറാണ് തീരുമാനം.
സഹായിക്കാന്‍ സന്മസ്സുള്ളവര്‍ കുട്ടിയുടെയും അമ്മയുടെയും പേരിലുള്ള എസ്ബിഐ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ബ്രാഞ്ചിലെ അകൗണ്ട് നമ്പറില്‍ തുക അയക്കണം. അകൗണ്ട് നമ്പര്‍: 42077617386. കൂടുതല്‍ വിവരങ്ങള്‍ക്ക് :- 96560 06685.