city-gold-ad-for-blogger

നഗരഹൃദയത്തിലേക്ക് എളുപ്പവഴി; ചളിയങ്കോട്-തളങ്കര പാലം നിർമ്മിക്കണമെന്ന് വ്യാപാരികൾ

A view of the Chandragiri river showing the Chaliyankode and Thalankara riverbanks.
Photo: Special Arrangement

● തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടും.
● ചന്ദ്രഗിരി കോട്ട, ചെമ്പരിക്ക ബീച്ച് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം.
● ബേക്കൽ കോട്ട പോലെ ടൂറിസം സാധ്യത വർധിക്കും.
● മത്സ്യത്തൊഴിലാളികൾക്കും പാലം ഏറെ ഗുണം ചെയ്യും.

മേൽപ്പറമ്പ്: (KasargodVartha) ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ചളിയങ്കോട് കടവിനെയും തളങ്കര കടവിനെയും ബന്ധിപ്പിച്ച് ഒരു പാലം നിർമിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത്. ഈ പാലം കാസർകോടിന്റെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് അവരുടെ പക്ഷം. നേരത്തെ കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗവും ഈ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. 

കാസർകോട് നഗരസഭയുടെ കീഴിലുള്ള തളങ്കര കടവിൽനിന്ന് നോക്കിയാൽ ചെമ്മനാട് പഞ്ചായത്തിലെ ചളിയങ്കോട് കടവും കീഴൂർ പ്രദേശങ്ങളും ചന്ദ്രഗിരി കോട്ടയും കാണാം. പാലം യാഥാർത്ഥ്യമായാൽ ചന്ദ്രഗിരി പുഴയുടെ തെക്കുഭാഗത്തുള്ളവർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്താനാകും. 

തളങ്കര മാലിക് ദീനാർ പള്ളി, കീഴൂർ ധർമ്മശാസ്താ ക്ഷേത്രം, കാസർകോട് മല്ലികാർജുന ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇത് വലിയ യാത്രാസൗകര്യമൊരുക്കും.

നിലവിൽ ചന്ദ്രഗിരി റോഡിലെയും പ്രസ് ക്ലബ് ജങ്ഷനിലെയും രൂക്ഷമായ ഗതാഗതക്കുരുക്കും മംഗളൂരു റൂട്ടിലെ തിരക്കും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. പുതിയ പാലം വരുന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.  ബേക്കൽ കോട്ട പോലെ പ്രകൃതിരമണീയമായ ചന്ദ്രഗിരി കോട്ടയിലേക്കും ചെമ്പരിക്ക ബീച്ചിലേക്കും എളുപ്പത്തിൽ എത്താനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും ഇതു സഹായിക്കും.

A view of the Chandragiri river showing the Chaliyankode and Thalankara riverbanks.

പുതിയ പാലം വരുന്നതോടെ ബസ് റൂട്ടുകളും യാത്രാസൗകര്യങ്ങളും വർധിക്കും. കൂടാതെ, കീഴൂർ, കാസർകോട് കടപ്പുറങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും ഇത് ഏറെ ഗുണം ചെയ്യും.

മേൽപ്പറമ്പ് ഗോൾഡൻ ബേക്കറി കൺവെൻഷൻ ഹാളിൽ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേൽപ്പറമ്പ് യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. 

യോഗത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് പഴയകാല വ്യാപാരികളായ എം.എ. അബ്ദുല്ല കുഞ്ഞി, സി.ബി. അബ്ബാസ് എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഗോൾഡ് മെഡൽ വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഐഷ ജെ, അബ്ദുൽ അസ്ഫിർ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു.

യൂണിറ്റ് പ്രസിഡന്റ് എം.എ. അബ്ദുൽ നസീർ അധ്യക്ഷത വഹിച്ച യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എൻ.എ. അബ്ദുൽ മുനീർ വാർഷിക പ്രവർത്തന റിപ്പോർട്ടും കെ.എ. അബ്ദുൽ നസീർ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

ജില്ലാ സെക്രട്ടറി ദാമോദരൻ, യൂണിറ്റ് രക്ഷാധികാരി ബാലകൃഷ്ണൻ പടന്ന എന്നിവർ ആശംസകൾ നേർന്നു. മൈ കെയർ മാനേജിങ് ഡയറക്ടർ ജാബിർ സുൽത്താൻ വിവിധ സമ്മാനങ്ങൾ നൽകി. ഉദയൻ കെ.കെ. സ്വാഗതവും മനോജ് മഠത്തിൽ നന്ദിയും പറഞ്ഞു.

 

ചളിയങ്കോട്-തളങ്കര പാലം നിർമ്മിക്കണമെന്ന ആവശ്യം എത്രത്തോളം പ്രായോഗികമാണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Merchants demand Chaliyankode-Thalankara bridge to ease traffic.

#Kasaragod #BridgeConstruction #TrafficSolution #Development #Kerala #Merchants

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia