അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാൻ അനുവദിക്കില്ല; നാട്ടുകാരുടെ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച
● ഓവുചാൽ ഇല്ലാത്തത് മൂലം ദേശീയപാതയിൽ നിന്നുള്ള മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിൽ കയറി വെള്ളക്കെട്ട് രൂപപ്പെടുന്നു
● സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച (സെപ്റ്റംബർ 2) രാവിലെ 10.30-ന് ടോൾ പ്ലാസയ്ക്ക് സമീപം നടക്കും
● ഉദുമ എംഎൽഎ കെ നീലകണ്ഠൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും
● കുമ്പള ആരിക്കാടി മാതൃകയിൽ ശക്തമായ പ്രക്ഷോഭത്തിന് കർമസമിതി രൂപീകരിച്ചിട്ടുണ്ട്
കാഞ്ഞങ്ങാട്: (KasargodVartha) വികസനം വേണം, ടോളും പിരിച്ചോട്ടെ... എന്നാൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടിട്ടു മതി എന്ന് നാട്ടുകാർ തീരുമാനിച്ചാൽ അതേ നടക്കൂ. അടിസ്ഥാന സൗകര്യമൊരുക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ നേരത്തെ തുറക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ അഭിപ്രായമാണിത്.
ദേശീയപാത നിർമാണ കമ്പനി ജനാഭിപ്രായം മാനിക്കുന്നില്ലെന്നും തട്ടിക്കൂട്ട് ജോലികളാണ് നടക്കുന്നതെന്നുമാണ് പ്രധാന ആക്ഷേപം. ദേശീയപാത അതോറിറ്റിക്കാകട്ടെ പണം ഉണ്ടാക്കണമെന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും ഇതിനെയാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നതെന്നും സമരസമിതി വ്യക്തമാക്കുന്നു.
ദുരിതമായി വെള്ളക്കെട്ടും യാത്രാക്ലേശവും
പ്രദേശത്ത് സർവീസ് റോഡും, ഓവുചാലും, നടപ്പാതയും അടക്കമുള്ള അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെയാണ് ടോൾ ഗേറ്റ് തുറന്നു കൊടുക്കാനുള്ള ശ്രമം നടക്കുന്നത്. ഓവുചാൽ ഇല്ലാത്തതുമൂലം ദേശീയപാതയിൽ നിന്നുള്ള മഴവെള്ളം മൊത്തം താഴെ പ്രദേശത്ത് പതിക്കുന്നത് വലിയ വെള്ളക്കെട്ടിന് കാരണമാവുന്നുണ്ട്. ഇത് അനുവദിച്ചു കൊടുക്കാനാവില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.
ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ നേരത്തെ തന്നെ സമരരംഗത്ത് ഇറങ്ങിയിരുന്നു. ഇതിൻ്റെ ഭാഗമായി ബുധനാഴ്ച (സെപ്റ്റംബർ 2) രാവിലെ 10.30-ന് ടോൾ പ്ലാസയ്ക്ക് സമീപം സമര പ്രഖ്യാപന കൺവെൻഷൻ നടക്കും. ഉദുമ എംഎൽഎ കെ നീലകണ്ഠൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

ആരിക്കാടി ആവർത്തിക്കുമോ?
ദേശീയപാത തലപ്പാടി-ചെങ്കള റീച്ചിൽ 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ കുമ്പള ആരിക്കാടിയിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭ രംഗത്തിറങ്ങിയത് മൂലം നടപടി പിൻവലിക്കാൻ ദേശീയപാത അതോറിറ്റിയും അധികൃതരും നിർബന്ധിതരായിരുന്നു. എന്നിട്ടും അധികൃതർ പാഠം ഉൾക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. ചാലിങ്കാലിലെ ആവശ്യവും ന്യായമാണെന്നും അതുകൊണ്ട് പിന്നോട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിനായി കർമസമിതി രൂപീകരിച്ചിട്ടുണ്ട്.
ദേശീയപാതയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിക്കാതെ ടോൾഗേറ്റ് തുറക്കാനാണ് അധികൃതർ തുടർന്നും നീക്കം നടത്തുന്നതെങ്കിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ട് മാസം മുൻപ് പുല്ലൂർ-പെരിയ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ടോൾ ഗേറ്റിന് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് നാട്ടുകാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Residents of Chalinkal are organizing a protest convention on Wednesday, September 2, 2026, against the opening of the Chalinkal Toll Plaza without completing essential infrastructure like service roads and drainage systems, with Udma MLA K. Neelakandan set to inaugurate the event.
#KasargodVartha #KasaragodNews #Kanhangad #ChalinkalTollPlaza #NHAI #KeralaNews #MalayalamNews #PublicProtest #LocalNews #AparnaNews






