Proposal | കാസര്‍കോട്ട് പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

● വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം.
● കോവിഡ് കാലത്ത് നിര്‍ത്തലാക്കിയവ പുനഃസ്ഥാപിക്കുക.
● പ്രധാന സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ്പ്.
കാസര്‍കോട്: (KasargodVartha) കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ മന്ത്രിയെ കണ്ടതെന്നും അനുകൂലമായ തീരുമാനം ഉടനടിയുണ്ടാകുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുക, കൂടുതല്‍ ട്രെയിനുകള്‍ക്ക് പ്രധാന സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എംപി മന്ത്രിയെ സമീപിച്ചത്.
ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച്, നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തിലും, ആവശ്യമായ സ്ഥലങ്ങളില്‍ നിലവിലെ വരുമാനം മറ്റു ഘടകങ്ങളും നോക്കി പരമാവധി സ്റ്റേഷനുകളില്‍ പുതുതായി ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്ന കാര്യവും ഗൗരവതരമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചതായി എംപി പറഞ്ഞു.
മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി, വിവിധ ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും റെയില്‍വേ സ്റ്റേഷന്‍ വികസന സംഘടനകളുടെയും ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് മന്ത്രിയെ കണ്ടതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
#Kasargod, #RailwayMinister, #AshwiniVaishnaw, #TrainStops, #KeralaRailways, #RajmohanUnnithan