Impact | കാസർകോട് വാർത്ത റിപോർട് ഫലം കണ്ടു; പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി സ്ഥാപിച്ച് ചെമനാട് പഞ്ചായത്
● കളനാട്, കോളിയടുക്കം തുടങ്ങിയ 13 പ്രധാന സ്ഥലങ്ങളിൽ 16 കാമറകൾ
● വാഹനങ്ങളുടെ നമ്പറുകൾ കൃത്യമായി ഒപ്പിയെടുക്കാനാവും
● അടുത്ത ഘട്ടത്തിൽ കൂടുതൽ മേഖലകളിൽ സ്ഥാപിക്കും
ചെമനാട്: (KasargodVartha) പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ സിസിടിവി സ്ഥാപിക്കണമെന്ന കാസർകോട് വാർത്ത റിപോർട് ഫലം കണ്ടു. 'നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്' എന്ന പദ്ധതിയുടെ ഭാഗമായി ചെമനാട് ഗ്രാമപഞ്ചായത് മാലിന്യ നിക്ഷേപം തടയാൻ പ്രധാന നടപടി സ്വീകരിച്ചു. പൊതുയിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയിടുന്നതിന് വേണ്ടി ചെമനാട് പഞ്ചായത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
ആദ്യഘട്ടമായി കളനാട്, കോളിയടുക്കം, ബെണ്ടിച്ചാൽ, പരവനടുക്കം, ചളിയങ്കോട് തുടങ്ങിയ പതിമൂന്ന് പ്രധാന സ്ഥലങ്ങളിൽ 16 കാമറകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകറിന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ കാമറയുടെ ഉദ്ഘാടനം നിർവഹിക്കും.
പാലങ്ങളുടെ അടിയിൽ മാലിന്യങ്ങൾ തള്ളുന്നത് സംബന്ധിച്ച് നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു. കളനാട്, തെക്കിൽ, പെരുമ്പള പാലങ്ങൾക്ക് സമീപമായിരുന്നു പ്രധാനമായും ഈ പ്രശ്നം. വിവാഹ മാലിന്യങ്ങൾ മുതൽ അറവു മാലിന്യങ്ങൾ വരെ ഇവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും ഉയർന്നിരുന്നു.
അന്ന് പഞ്ചായത് പ്രസിഡണ്ടായിരുന്ന കല്ലട്ര അബ്ദുൽ ഖാദർ കാസർകോട് വാർത്ത റിപോർട് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയും, പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ശേഷം, പിന്നീട് വന്ന പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ വിഷയം ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് നീങ്ങിയത്.
പ്രധാനപ്പെട്ട വഴിയോരങ്ങളിൽ ഓരോ പോയിന്റിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന വ്യക്തികളെയും, വാഹനങ്ങളുടെ നമ്പറുകളും അടക്കം കൃത്യമായി ഒപ്പിയെടുക്കുന്ന രൂപത്തിലുള്ള കാമറകളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിഞ്ഞ് നിയമ നടപടികൾ സ്വീകരിക്കാൻ സഹായിക്കും.
അടുത്ത ഘട്ടത്തിൽ പഞ്ചായതിന്റെ കൂടുതൽ മേഖലകളിൽ കാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി. പൊതു ഇടങ്ങൾ വലിച്ചെറിയൽ മുക്തമാക്കുകയും പരിസര ശുചിത്വം ഉറപ്പാക്കുകയുമാണ് പഞ്ചായത് ലക്ഷ്യമിടുന്നത്
#Chemanad #CCTV #CleanIndia #WasteManagement #Kerala #EnvironmentalProtection