city-gold-ad-for-blogger

എച്ച് 1, എന്‍ 1 രോഗത്തിനെതിരെ ജാഗ്രത പാലിക്കണം

എച്ച് 1, എന്‍ 1 രോഗത്തിനെതിരെ ജാഗ്രത പാലിക്കണം
കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എച്ച് 1, എന്‍ 1 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗം ഫലപ്രദമായി നിയന്ത്രണവിധേയമാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഇന്‍ഫ്‌ളുവെന്‍സ എ യും എച്ച് 1, എന്‍ 1 ഉം പനി. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ വയറിളക്കവും, ഛര്‍ദ്ദിയും ഉണ്ടാകം.

രോഗി തുമ്മുമ്പോഴും, ചുമക്കുമ്പോഴും, മൂക്കു ചീറ്റുമ്പോഴും വൈറസ് ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും. അപ്പോള്‍ പരിസരത്തിലുള്ളവര്‍ക്ക് അണുബാധ ഉണ്ടാവുകയും അവിടെയുള്ള വസ്തുക്കള്‍ രോഗാണുക്കളാല്‍ മലിനപ്പെടുകയും ചെയ്യും. മലിനമായ വസ്തുക്കളെ സ്പര്‍ശിച്ചശേഷം കൈകള്‍ കഴുകാതെ മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളില്‍ തൊട്ടാലും രോഗബാധ ഉണ്ടാകാം.

വൈറല്‍ പനിയുടെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, ചുമ, ശരീരവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എഴുമുതല്‍ 10 ദിവസം വരെ വീട്ടില്‍തന്നെ കഴിയണം. ചികിത്സാസഹായം തേടാനല്ലാതെ യാത്ര ചെയ്യരുത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത്രയും മുന്‍കരുതലുകള്‍ എടുത്താല്‍ ഭൂരിഭാഗം രോഗികളുടെയും രോഗം മാറും. ചിലര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. രോഗികള്‍ പൊതുജനങ്ങളുമായും വീട്ടിലെ മറ്റംഗങ്ങളുമായും പ്രത്യേകിച്ച് പ്രമേഹം, ഹൃദ്‌രോഗം മുതലായവയുള്ള വ്യക്തികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായാധിക്യമുള്ളവര്‍ എന്നിവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. ഗര്‍ഭിണികളിലാണ് രോഗബാധ ഗുരുതരമാവുന്നത്.

രോഗമില്ലാത്തവര്‍ തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും പൊത്തിപ്പിടിക്കണം. ടിഷ്യു പേപ്പര്‍ നശിപ്പിച്ചുകളയുകയോ, തൂവാല വൃത്തിയായി കഴുകുകയോ ചെയ്യണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെ കൂടെ കൈകള്‍ കഴുകണം. രോഗബധയുള്ളവരുമായിട്ടുള്ള അടുത്തിടപഴകല്‍, ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം, ഹസ്തദാനം, പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത്, സ്വയം ചികിത്സ എന്നിവ ഒഴിവാക്കണം.

ജില്ലയില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ എച്ച് 1, എന്‍ 1 രോഗബാധ സ്‌ക്രീനിംഗ് ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ചികിത്സക്കാവശ്യമുള്ള മരുന്നുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

ജില്ലയില്‍ ഈ വര്‍ഷം ബദിയടുക്ക, കോടോം-ബേളൂര്‍, മടിക്കൈ, ചെങ്കള, കുമ്പള, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നായി 10 എച്ച് 1, എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധമൂലമുള്ള മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗനിയന്ത്രണ പരിപാടികള്‍ക്കായി പൊതുജനങ്ങള്‍ക്ക് 9447855835 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Keywords:  Caution, H1N1 virus, Medical officer, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia