city-gold-ad-for-blogger

കശുവണ്ടി വികസന കോര്‍പറേഷന്‍ 5 രൂപ അധികം നല്‍കി 5,000 ടണ്‍ കശുവണ്ടി ജില്ലയില്‍ നിന്നും സംഭരിക്കും; കാസര്‍കോട്ട് കശുമാങ്ങ സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കും

കാസര്‍കോട്:  (www.kasargodvartha.com 21/01/2017) കാസര്‍കോട്ട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉള്‍പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലങ്ങളില്‍ നിന്നും എടുക്കുന്ന മുഴുവന്‍ കശുവണ്ടികളും കശുവണ്ടി വികസന കോര്‍പറേഷന് നല്‍കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയതായി കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയ്‌മോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് സഹകരണ സംഘങ്ങളുമായി സഹകരിച്ച് കശുമാങ്ങ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ രക്ഷയും കാസര്‍കോട്ടെ കശുവണ്ടി കര്‍ഷകര്‍ക്ക് ആശ്വാസവും നല്‍കുന്നതിനാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങളുമായി കരാര്‍ ഉണ്ടാക്കിയതെന്ന് അദ്ദേഹം അറിയിച്ചു. ജനകീയ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിന് കശുവണ്ടി വികസന കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏക്കറില്‍ 80 കശുമാവ് തൈകള്‍ നടുന്നവര്‍ക്ക് 8,000 രൂപ കശുവണ്ടി വികസന കോര്‍പറേഷന്‍ നല്‍കും. ഇവരുണ്ടാക്കുന്ന കശുവണ്ടി മുഴുവന്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ സംഭരിക്കും.

ജില്ലയിലെ എല്ലാ സഹകരണ സംഘങ്ങളുമായി സഹകരിച്ച് കശുവണ്ടി സംഭരിക്കും. കാസര്‍കോട്ടെ കുടുംബശ്രീ ഉള്‍പെടെയുള്ള ചെറിയ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടും, നിലവിലുള്ള മാര്‍ക്കറ്റ് വില നോക്കി അഞ്ചു രൂപ അധികം നല്‍കിയുമായിരിക്കും കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി സംഭരിക്കുക. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചില ഉദ്യോഗസ്ഥര്‍ കശുവണ്ടി വികസന കോര്‍പറേഷന് കശുവണ്ടി നല്‍കാതെ ടെണ്ടര്‍ നടപടികളുമായി നീങ്ങിയപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് കശുവണ്ടി വികസന കോര്‍പറേഷനു തന്നെ കശുവണ്ടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നാല് തോട്ടങ്ങളില്‍ നിന്നും കശുവണ്ടികള്‍ കോര്‍പറേഷനു നല്‍കാന്‍ കരാറായിട്ടുണ്ട്.

കൊല്ലത്തെ രണ്ടര ലക്ഷം തൊഴിലാളികളാണ് കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന തലത്തില്‍ തന്നെ പുതിയ പദ്ധതിയുമായി കോര്‍പറേഷന്‍ കരാറുണ്ടാക്കുന്നത്. ജില്ലയിലെ 40 ഓളം ബാങ്കുകളുമായി കശുവണ്ടി സംഭരണം സംബന്ധിച്ച് കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയില്‍ സഹകരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന കശുമാങ്ങ സംസ്‌കരണ കേന്ദ്രത്തില്‍ ജാമും വിനാഗിരിയും വൈന്‍ ഉത്പന്നങ്ങളുമാണ് ഉണ്ടാക്കുക. മൂന്നു മാസം മാത്രമാണ് കശുമാങ്ങ സീസണില്‍ ലഭിക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ മറ്റു പഴ വര്‍ഗങ്ങള്‍ സംസ്‌കരിച്ച് കൊണ്ട് മറ്റ് ഉത്പന്നങ്ങള്‍ ഉണ്ടാക്കും. 5,000 ടണ്‍ കശുവണ്ടിയാണ് ഈ സീസണില്‍ സംഭരിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറസ്റ്റ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്നിവയുടെ സ്ഥലങ്ങളില്‍ നിന്നെടുക്കുന്ന കശുവണ്ടിയും കോര്‍പറേഷന് നല്‍കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. കശുവണ്ടി കോര്‍പറേഷന്റെ ഇടപെടലോടെ കശുവണ്ടി കര്‍ഷകര്‍ക്ക് നല്ല വില തന്നെ ലഭിക്കുമെന്നും വില സ്ഥിരത ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ടി.എഫ് സേവിയര്‍, ഡി. സജി, ആനന്ദ് തുടങ്ങിയവരും സംബന്ധിച്ചു.
കശുവണ്ടി വികസന കോര്‍പറേഷന്‍ 5 രൂപ അധികം നല്‍കി 5,000 ടണ്‍ കശുവണ്ടി ജില്ലയില്‍ നിന്നും സംഭരിക്കും; കാസര്‍കോട്ട് കശുമാങ്ങ സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കും

Keywords:  Kasaragod, Kerala, Press Club, Press meet, Cashew nut development corporation press meet.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia