Hostage | ടോഗോയിൽ ചരക്കുകപ്പൽ റാഞ്ചി ബന്ദിയാക്കപ്പെട്ടവരിൽ കാസർകോട് സ്വദേശിയും

● കാമറൂണിലേക്ക് പോവുകയായിരുന്ന കപ്പലാണ് റാഞ്ചിയത്.
● കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ ഏഴ് ഇന്ത്യക്കാരടക്കം 10 പേരാണ് ബന്ദികളായത്.
● കഴിഞ്ഞ വർഷം മാത്രം ഈ മേഖലയിൽ ആറ് കപ്പലുകൾ റാഞ്ചിയിട്ടുണ്ട്.
കാസർകോട്: (KasargodVartha) ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ കടൽക്കൊള്ളക്കാർ ചരക്കുകപ്പൽ റാഞ്ചി ബന്ദിയാക്കപ്പെട്ടവരിൽ കാസർകോട് സ്വദേശിയും. ബേക്കൽ പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവൻ (35) ആണ് ബന്ദികളാക്കപ്പെട്ടവരിൽ ഒരാൾ. ലോമിൽ തുറമുഖത്തുനിന്ന് കാമറൂണിലെ ഡൗവാലയിലേക്ക് പോകുകയായിരുന്ന, നിരവധി മലയാളികൾ ജോലി ചെയ്യുന്ന കപ്പലാണ് കടൽക്കൊള്ളക്കാരുടെ പിടിയിലായത്.
രജീന്ദ്രനോടൊപ്പം കൊച്ചി സ്വദേശിയായ ഒരാളും ബന്ദികളിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. മോചനത്തിനായി രജീന്ദ്രൻ്റെ കുടുംബാംഗങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രി, കേരള മുഖ്യമന്ത്രി, എംപിമാർ എന്നിവർക്ക് അടിയന്തര സഹായം അഭ്യർത്ഥിച്ച് നിവേദനം നൽകിയിട്ടുണ്ട്. ബന്ദികളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.
മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കർ മാനേജ്‌മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള വിറ്റു റിവർ എന്ന കപ്പലാണ് റാഞ്ചിയത്. മാർച്ച് 17 ന് രാത്രി ഈ ഭാഗത്ത് വെടിവെപ്പ് ശബ്ദം കേട്ടിരുന്നതായി 'മറൈൻ ഇൻസൈറ്റ് ഓൺ ലൈൻ' റിപ്പോർട്ട് ചെയ്‌തു. ഗിനിയ ഉൾക്കടലിൽ കപ്പൽ റാഞ്ചിയ സംഭവം യുകെ, ഫ്രഞ്ച് നാവികസേനകൾ നടത്തുന്ന സമുദ്രസുരക്ഷാ സഹകരണ കേന്ദ്രമായ മാരിടൈം ഡൊമെയ്ൻ അവയർനെസ് ഫോർ ട്രേഡ് ഗൾഫ് ഓഫ് ഗിനിയ സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ ഏഴ് ഇന്ത്യക്കാരടക്കം പത്ത് പേരാണ് ബന്ദികളായിട്ടുള്ളത്. കപ്പലും ബാക്കിയുള്ള ജീവനക്കാരും റാഞ്ചിയ കടൽഭാഗത്തുണ്ടെന്നാണ് സൂചന. ഗിനിയ ഉൾക്കടലിൽ മധ്യആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സാന്റോ അന്റോണിയോ ഡോ പ്രിൻസിപ്പിന് 40 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായിട്ടാണ് കപ്പൽ ഇപ്പോഴുള്ളത്. ഈ പ്രദേശം കടൽക്കൊള്ളക്കാരുടെ ശല്യം കൂടുതലുള്ള ഒരിടമാണ്. കഴിഞ്ഞ വർഷം മാത്രം ഇവിടെ ആറ് കപ്പലുകൾ റാഞ്ചിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
A cargo ship was hijacked by pirates in Togo, and a native of Kasaragod, Rajendran Bhargavan, is among the hostages. The ship, which was carrying many Malayali workers, was seized by the pirates. His family has requested assistance from the Central External Affairs Minister, the Chief Minister of Kerala, and MPs for his release.
#TogoPirates #ShipHijacking #Kasaragod #MalayaliHostages #GulfofGuinea #MaritimeSecurity