Recognition | ഡയമണ്ട് പദവിയുടെ തിളക്കത്തിൽ കെയർവെൽ ആശുപത്രി; സ്ട്രോക്ക് യൂണിറ്റിന്റെ മികവിന് കയ്യടിച്ച് എയ്ൻജൽസ് മേധാവികൾ
● എയ്ൻജൽസ് ഇന്ത്യയുടെ പ്രതിനിധികൾ ആശുപത്രി സന്ദർശിച്ചു
● അതിഥികളെ ഹൃദ്യമായി സ്വീകരിച്ചു
● സ്‌ട്രോക്ക് രോഗികൾക്ക് ത്രോംബോലൈസിസ് ചികിത്സയും ലഭ്യമാണ്
കാസർകോട്: (KasargodVartha) ലോക സ്‌ട്രോക്ക് കോൺഗ്രസിൽ വെച്ച് ഏറ്റവും ഉയർന്ന അംഗീകാരമായ ഡയമണ്ട് പദവി നേടിയ കെയർവെൽ ആശുപത്രിയുടെ സ്ട്രോക്ക് യൂണിറ്റിന്റെ മികവിന് കയ്യടിച്ച് എൻജിഒയായ എയ്ൻജൽസിന്റെ മേധാവികൾ. എയ്ൻജൽ ഇൻഡ്യ കൺട്രി ലീഡ് വില്യംസ്, മംഗ്ളൂറു കോർഡിനേറ്റർ സൊനാലി എന്നിവരാണ് ആശുപത്രിയും സ്ട്രോക്ക് യൂണിറ്റും കാണുന്നതിനും സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നതിനും കെയർവെൽ ആശുപത്രിയിലെത്തിയത്.
ആശുപത്രി മാനേജ്‌മെന്റ്, ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർ ചേർന്ന് അതിഥികളെ ഹൃദ്യമായി സ്വീകരിച്ചു. ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളും മികച്ച ചികിത്സാ രീതികളും സ്ട്രോക്ക് യൂണിറ്റിന്റെ മികവാർന്ന പ്രവർത്തനവും എയ്ൻജൽസ് മേധാവികൾ പ്രശംസിച്ചു. സ്ട്രോക്ക് രോഗികൾക്ക് നൽകുന്ന പിന്തുണ വളരെ മികച്ചതാണെന്നും അവർ പറഞ്ഞു.
കെയർവെൽ ആശുപത്രിയിലെ ഡോ. ജയദേവ് കങ്കിലയുടെ നേതൃത്വത്തിലുള്ള ന്യൂറോസയൻസ് ആൻഡ് സ്‌ട്രോക്ക് യൂണിറ്റ് ഇതുവരെ നൂറ്റമ്പതിലധികം രോഗികൾക്ക് ത്രോംബോലൈസിസ് ചികിത്സയും എഴുപതിലധികം രോഗികൾക്ക് ന്യൂറോ സർജറിയിലൂടെയും ചികിത്സ നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ രോഗികൾക്ക് ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ട്രോക്ക് യൂണിറ്റ് പുതിയ ഭാവി പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്ന് ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക കാസർകോട് വാർത്തയോട് പറഞ്ഞു.
കാസർകോട്ടെ ആളുകൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കെയർവെൽ ആശുപത്രിയുടെ സ്ട്രോക്ക് യൂണിറ്റിന്റെ പങ്ക് വളരെ വലുതാണ്. ഒരു രോഗിക്ക് സ്‌ട്രോക്ക് സംഭവിക്കുമ്പോൾ അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ ഇൻജക്ഷൻ ലഭിക്കുന്നതിന് മംഗ്ളുറു അല്ലെങ്കിൽ കണ്ണൂർ വരെ പോകുമ്പോൾ സമയ ദൈർഘ്യം മൂലം രോഗിയുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യമാണ്.
അപകടത്തിൽപ്പെട്ടോ മറ്റോ തലയ്ക്ക് പരിക്കേൽക്കുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമായി വരുമ്പോൾ അയൽജില്ലകളിൽ പോകുന്നതിനിടയിൽ രോഗാവസ്ഥ വഷളാകാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ത്രോംബോലൈസിസ് ചികിത്സ അടക്കം കെയർവെൽ ആശുപത്രിയിൽ ലഭ്യമാണെന്നും ഇതിനൊക്കെയുള്ള ഏറ്റവും മികച്ച അംഗീകാരമാണ് ഡയമണ്ട് പദവിയെന്നും ഡോ. മുഹമ്മദ് ഷമീം കൂട്ടിച്ചേർത്തു.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിൽ കെയർവെൽ ആശുപത്രി നിർണായക പങ്കുവഹിക്കുന്നുണ്ട്. മെഡിക്കൽ ഡയറക്ടർ ഡോ. ജയദേവ് കങ്കില, ന്യൂറോളജിസ്റ്റ് ഡോ. കെ മുഹമ്മദ് ഷമീം, ഡോ. ആദർശ് (ഇഎൻടി സർജൻ), ഡോ. പവൻ എസ് (ന്യൂറോ സർജൻ), ഡോ. അജാസ് (അനസ്തീഷ്യ), ഡോ. മുഹമ്മദ് നൗഫൽ (റേഡിയോളജിസ്റ്റ്), ഡോ. മനോജ് കൃഷ്ണ (ഫാമിലി മെഡിസിൻ), ഡോ. ചിത്തരഞ്ജൻ (എമർജൻസി ഫിസിഷ്യൻ), ഡോ. ഫൈസൽ ഹനീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂറോസയൻസ് ആൻഡ് സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ. എം എ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. ഡോ. കെ മുഹമ്മദ് ഷമീം സംസാരിച്ചു. ചെയർമാൻ ഡോ. സുഹ്റ ബീഫാത്തിമ, മെഡിക്കൽ ഡയറക്ടർ ഡോ. ജയദേവ് കങ്കില, ചീഫ് ഓർത്തോപീഡിക് സർജൻ ഡോ. നാഗരാജ് ഭട്ട്, ഇഎൻടി സർജൻ ഡോ. ആദർശ്, റേഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് നൗഫൽ, ന്യൂറോ സർജൻ ഡോ. പി എസ് പവമാൻ എന്നിവർ സംബന്ധിച്ചു. സീനിയർ ഫിസിയോതെറാപ്പിസ്റ്റ് അഹ്‌മദ് ഫയാസ് സ്വാഗതവും ജനറൽ മാനേജർ എം ഭാസ്കരൻ നന്ദിയും പറഞ്ഞു.
#stroke #healthcare #award #hospital #Kerala #India #neurology #medical #treatment #CarewellHospital