Elections | കാസർകോട്ട് 3 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്

● നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6
● വോട്ടെണ്ണൽ ഫെബ്രുവരി 25ന് നടക്കും.
● മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കാസർകോട്: (KasargodVartha) ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ് കോളിക്കുന്ന്, കോടോംബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് അയറോട്ട്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. ഇതടക്കം സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്. വിജ്ഞാപനം വ്യാഴാഴ്ച (ജനുവരി 30) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഫെബ്രുവരി ആറ് വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്.
വോട്ടെടുപ്പ് ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.
വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 60617 വോട്ടർമാരാണുള്ളത്. 28530 പുരുഷന്മാരും 32087 സ്ത്രീകളും. കമ്മീഷന്റെ വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. നാമനിർദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക കോർപ്പറേഷനിൽ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും, ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനതീയതി മുതൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക
By-elections will be held in three Grama Panchayat wards in Kasaragod district on February 24th. The wards are located in Madikai, Kodombelur, and Kayyur Cheemeni panchayats. The state election commission has announced the election dates, with nominations closing on February 6th and counting on February 25th.
#KeralaElections, #LocalBodyElections, #Kasaragod, #Byelections, #KeralaNews, #IndiaElections