Nature's Beauty | മധു നുകരാന്‍ പതിവ് തെറ്റാതെ പൂമ്പാറ്റകളെത്തുന്നു; ഹരിക്ക് എന്നും സന്തോഷ കാഴ്ചകള്‍
● കരിനീലക്കടുവ ഇനത്തിലുള്ള പൂമ്പാറ്റകളാണ് എത്തുന്നത്.
● ശലഭങ്ങള്‍ തേന്‍ നുകര്‍ന്ന് പോകുന്നു.
● ചെടികളുടെ വിത്ത് ശേഖരിക്കാനും ആള്‍ക്കാര്‍.
കാഞ്ഞങ്ങാട്: (KasargodVartha) മനോഹരങ്ങളായ ചിത്രശലഭങ്ങള്‍ (Butterfly) ദിവസവും മധു നുകരാനായി എത്തുന്ന ഒരിടമുണ്ട് കരിന്തളം കോളംകുളത്ത് (Kinanoor - Karinthalam Kolamkulam). അത് ഫോടോഗ്രാഫര്‍ ഹരി ക്ലാസികിന്റെ സ്റ്റുഡിയോയ്ക്ക് അരികിലാണ്. പൂമ്പാറ്റകളുടെ ഒരു സ്വര്‍ഗ്ഗലോകം പോലെയാണ് ഈ പൂന്തോട്ടം.
ഒരു കൂട്ടം പുമ്പാറ്റകള്‍ എന്നും അവിടെ എത്തും. ഹരി ഒരുക്കിയ പൂന്തോട്ടത്തില്‍ ശലഭങ്ങള്‍ നിത്യ സന്ദര്‍ശകരാണ്. 'പൂമ്പാറ്റ ചെടികള്‍' അഥവ 'കിലുക്കാം പെട്ടി ചെടികള്‍' എന്നറിയപ്പെടുന്ന ചെടികളില്‍ വന്നിരിക്കുകയും പൂവുകളില്‍ ഇവ പറന്ന് വന്നിരുന്ന് തേന്‍ നുകര്‍ന്ന് പോകുകയും ചെയ്യും.
കരിനീലക്കടുവ (ഡാര്‍ക് ബ്ലൂ ടൈഗര്‍-Dark Blue Tiger) ഇനത്തിലുള്ള പൂമ്പാറ്റകളാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. ഇത്തരത്തിലുള്ള നൂറു കണക്കിന് പൂമ്പാറ്റകളാണ് സ്ഥിരമായി ഹരിയുടെ പൂന്തോട്ടം സന്ദര്‍ശിക്കുന്നത്. പൂ നുകരാനെത്തുന്ന പൂമ്പാറ്റകള്‍ വാഹനങ്ങളുടെ ശബ്ദം കെട്ടാല്‍ പാറി പറന്ന് പോകും. അങ്ങനെ പാറി പറന്ന് പോകുന്നത് കാണുന്നതും നയന മനോഹരമായ കാഴ്ചയായി നില്‍ക്കുകയാണ്.
ആസ്വാദനത്തിന് മാത്രമല്ല, പ്രകൃതിയോടുള്ള സ്‌നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായാണ് ഹരി ഈ പൂന്തോട്ടം ഒരുക്കിയത്. പൂമ്പാറ്റകളുടെ ജീവിതചക്രം പഠിക്കാനും അവയെ സംരക്ഷിക്കാനും ഈ പൂന്തോട്ടം സഹായിക്കുന്നു.
പൂന്തോട്ടത്തിലെത്തിയവര്‍ക്ക് പൂമ്പാറ്റകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഫോട്ടോഗ്രാഫി ക്ലാസുകള്‍ സംഘടിപ്പിക്കാനും ഹരി തയ്യാറാണ്. പല വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇവിടെ പഠനത്തിന്റെ ഭാഗമായും മറ്റും എത്താറുണ്ട്. പൂമ്പാറ്റകളുടെ വര്‍ണ വിസ്മയം കാണുവാനും ചെടികളുടെ വിത്ത് ശേഖരിക്കാനും ഹരിയുടെ സ്റ്റുഡിയോയുടെ അരികില്‍ നിരവധി പേര്‍ ദിവസവും എത്തുന്നു.
കോളംകുളത്തെ ഈ പൂന്തോട്ടം പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്നതിന്റെ ഒരു മികച്ച ഉദാഹരണമാണ്. ദിവസവും നല്ല ശ്രദ്ധയോടെയാണ് ഹരി തന്റെ പൂന്തോട്ടം പരിപാലിക്കുന്നത്. ഹരിയുടെ ഈ പ്രയത്‌നം പലര്‍ക്കും പ്രചോദനമായി മാറിയിരിക്കുന്നു.
#butterflygarden #Kerala #nature #photography #conservation #biodiversity #ecotourism