city-gold-ad-for-blogger

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2018) അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് മുന്‍വശം കാന്തപുരം സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിസ്ഥലം കൈയ്യേറി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി. പള്ളിസ്ഥലം കൈയ്യേറി ബസ് കാത്തിരിപ്പ് കേന്ദ്രം പണിതതിനെതിരെ കാന്തപുരം സുന്നി വിഭാഗം നേതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ അലാമിപ്പള്ളിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയത്.
ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി
അലാമിപ്പള്ളി മസ്ജിദിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ചൊവ്വാഴ്ച രാവിലെ പൊളിച്ചു മാറ്റിയപ്പോള്‍
മസ്ജിദ് പരിസരത്ത് ഇന്റര്‍ലോക് പാകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചില സിപിഎം പ്രവര്‍ത്തകരുമായി തര്‍ക്കം നിലവിലുണ്ട്. പള്ളിവക സ്ഥലം കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന് നല്‍കിയ ശേഷം അവശേഷിക്കുന്നിടത്ത് ഇന്റര്‍ലോക് പാകാനുള്ള ശ്രമം ചിലര്‍ തടയുകയായിരുന്നു. ഇതെ തുടര്‍ന്ന് കാന്തപുരം സുന്നിവിഭാഗം സിപിഎം നേതൃത്വത്തെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് ഇതേ സ്ഥലത്ത് താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പ്രത്യക്ഷപ്പെട്ടത്.

സംഭവം വിവാദമാവുകയും മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രത്യക്ഷ സമരവും നിയമനടപടികളുമൊക്കെ ആലോചിക്കാന്‍ ചൊവ്വാഴ്ച ഉച്ചക്ക് അലാമിപ്പള്ളി മസ്ജിദില്‍ യോഗം ചേരാനിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സിപിഎം പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചു നീക്കിയത്.

ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് വിളിച്ച് ചേര്‍ത്ത യോഗം റദ്ദാക്കുകയും ചെയ്തു. 12ന് നഗരസഭ ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടക്കുന്നുണ്ട്. ഇതിനിടെ ജില്ലാശുപത്രിയില്‍ നിന്നടക്കമുള്ള രോഗികള്‍ക്കും പ്രായമായവര്‍ക്കും വെയിലും മഴയും കൊള്ളാതെ ബസ് കയറാനുള്ള താല്‍ക്കാലിക സംവിധാനമാണ് ഒരുക്കിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ വിശദീകരണം.

അലാമിപ്പള്ളിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചതുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും ഏതാനും ചിലരുടെ നടപടി പാര്‍ട്ടിയുടെമേല്‍ കെട്ടിവെക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും ഏരിയ സെക്രട്ടറി അഡ്വ കെ രാജ് മോഹനന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Alamipalli, Kasaragod, News, Kanhangad, Bus waiting shed, Bus waiting shed demolished 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia