സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് കാസര്‍കോട്ട് ഭാഗികം
Jan 8, 2013, 23:00 IST
കാസര്‍കോട്: പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ ആരംഭിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്ക് കാസര്‍കോട്ട് ഭാഗികം. സ്വകാര്യ ബസ് ജീവനക്കാരും ഒരു വിഭാഗം കെ.എസ്.ആര്.ടി.സി. ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസ് സൗകര്യമില്ലാതിരുന്നിട്ടു പോലും ഭൂരിഭാഗം ജീവനക്കാരും ഓഫീസിലെത്തി. അതേ സമയം പണിമുടക്ക് വന്‍ വിജയമാണെന്ന് ഇടത് അനുകൂല സംഘടനകള്‍ അവകാശപ്പെട്ടു.
കാസര്‍കോട് കലക്ടറേറ്റില്‍ 153 ജീവനക്കാരില്‍ 53 പേര് ജോലിക്കെത്തി. ഒമ്പതു പേര് ലീവെടുത്തു. 91 പേര് പണിമുടക്കി. കാസര്‍കോട് താലൂക്ക് ഓഫീസില്‍ 75 പേരില്‍ 24 പേര് ജോലിക്കെത്തി. നാലു പേര് ലീവെടുത്തു. 47 പേര് പണിമുടക്കി. കാസര്‍കോട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി മാത്രമാണ് സ്തംഭിച്ചത്. കലക്ടറേറ്റിലെ നാല് പ്രധാന ഓഫീസുകളുടെ തലവന്മാര് തിങ്കളാഴ്ച വൈകിട്ടോടെ തന്നെ ഓഫീസുകള്‍ പൂട്ടി കലക്ടറെ താക്കോല്‍ ഏല്പിച്ചിരുന്നുവെങ്കിലും ഇതില്‍ നാല് ഓഫീസര്‍മാര്‍ ചൊവ്വാഴ്ച രാവിലെ തന്നെ താക്കോല്‍ സ്വീകരിച്ച് ഓഫീസ് തുറന്നു.
നാഷണല്‍ സേവിംഗ്സ്, എ.ഡി.സി, ഡി.എസ്.ഒ, ട്രൈബല്‍ ഓഫീസ് എന്നിവയുടെ മേലധികാരികളാണ് ഓഫീസ് തുറക്കാന്‍ തയാറായത്. ഡെപ്യൂട്ടി കലക്ടര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ഡെപ്യൂട്ടി കണ്ട്രോളര് എന്നീ ഓഫീസുകളുടെ മേലധികാരികളാണ് താക്കോല്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളതെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. കാസര്‍കോട് താലൂക്ക് ഓഫീസില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ വിഭാഗത്തില്‍ 14 പേരില്‍ മൂന്നു പേര് മാത്രമാണ് സമരത്തില്‍ പങ്കെടുത്ത്. ലാന്റ് അക്വിസിഷന്‍ വിഭാഗത്തില്‍ 50 പേരില്‍ മൂന്നുപേര്‍ സമരത്തിലാണ്. റീ സര്‍വെ വിഭാഗത്തില്‍ 20 പേരില്‍ അഞ്ചു പേര് സമരത്തിലാണ്. റവന്യൂ റിക്കവറി വിഭാഗത്തില്‍ 18 പേരില്‍ ഒമ്പത് പേര് സമരത്തിലാണ്. റീ സര്‍വെ എല്‍.ആര്.എം. വിഭാഗത്തില്‍ 21 പേരില്‍ 10 പേരും സമരത്തിലാണ്.
കാസര്‍കോട് ടൗണ്‍ ജി.യു.പി. സ്കൂളില്‍ അധ്യാപകര്‍ ജോലിക്കെത്തിയെങ്കിലും കുട്ടികള്‍ ഭൂരിഭാഗവും എത്തിയില്ല. ഇതേ തുടര്‍ന്ന് ഒരു ക്ലാസില്‍ കുട്ടികളെ ഇരുത്തി അധ്യാപകര്‍ ക്ലാസെടുത്തു. പല സര്‍ക്കാര്‍ സ്കൂളുകളുടെയും പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. ബസ് സൗകര്യം ഇല്ലാത്തതിനാലാണ് കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ കഴിയാതിരുന്നതെന്ന് ജോലിക്കെത്തിയ അധ്യാപകര്‍ പറഞ്ഞു.
കലക്ടറേറ്റില്‍ സമരാനുകൂലികളായ 25 ഓളം ജീവനക്കാര്‍ ജോലിക്കെത്തിയവരോട് സമരത്തിന്റെ ആവശ്യകത വിവരിച്ചു. ഇവര്‍ ജോലിക്കെത്തിയവരെ തടയാന്‍ തയാറായില്ല. എന്‍.ജി.ഒ. അസോസിയേഷന് പ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ കൂട്ടമായെത്തിയാണ് ജോലിക്ക് ഹാജരായത്. വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കലക്ടറേറ്റിലും, കാസര്‍കോട് ടൗണ്‍ എസ്.എ. ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍കോട് താലൂക്ക് ഓഫീസിലും നിലയുറപ്പിച്ചിരുന്നു.
തീവണ്ടിയില്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പോലീസ് ബസില്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചത് ജനങ്ങള്‍ക്ക് ഉപകാര പ്രദമായി.
Photos: Zubair Pallickal
Keywords: Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region
Keywords: Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region