Fine | | ബസ് കഴുകിയതിന് ശേഷം മാലിന്യങ്ങൾ റോഡരികിൽ തള്ളി; ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് സ്ക്വാഡ്

● പുത്തിഗെ, പടന്ന പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്.
● കടയുടമകൾക്ക് 15000 രൂപയും പിഴ ചുമത്തി.
● ജൈവമാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കാൻ നിർദ്ദേശം നൽകി.
കാസർകോട്: (KasargodVartha) നാടും നഗരവും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്നു. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ ബാഡൂർ ടൗണിൽ നടത്തിയ പരിശോധനയിൽ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ മാലിന്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോറുകൾ, കോംപ്ലക്സ് എന്നിവയുടെ സ്ഥാപന ഉടമകൾക്ക് 15000 രൂപ തത്സമയ പിഴ ചുമത്തി.
ബാഡൂരിൽ ബസുകൾ നിർത്തിയിടുന്ന സ്ഥലത്ത് ബസ് വൃത്തിയാക്കിയതിനു ശേഷം മാലിന്യങ്ങൾ റോഡരികിൽ ഉപേക്ഷിച്ചതിന് ബസ് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. കൂടാതെ, ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കാതെ കൂട്ടിയിട്ടത് കണ്ടെത്തിയതിനെ തുടർന്ന് പടന്ന ഗ്രാമപഞ്ചായത്തിലെ വിവിധ ക്വാർട്ടേഴ്സുകളിലെ സ്ഥാപന ഉടമകൾക്ക് 15,000 രൂപ പിഴ ചുമത്തുകയും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.
ജൈവ മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്തത് റോഡരികിലും മറ്റും വലിച്ചെറിയുന്നതിന് കാരണമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, പടന്ന പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.രജിഷ, പുത്തിഗെ പഞ്ചായത്ത് ക്ലാർക്ക് കെ.സന്ദേഷ്, സ്ക്വാഡ് അംഗം ഇ.കെ ഫാസിൽ എന്നിവർ നേതൃത്വം നൽകി.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തൂ.
Enforcement squad fined bus owner and shopkeepers for dumping waste in public places. Inspections were conducted in Puthige and Padanna panchayats, and fines were imposed for improper waste disposal.
#CleanKerala #WasteManagement #Enforcement #Fine #PublicHealth #LocalGovernance