ഏപ്രില്‍ ഒന്ന് മുതല്‍ സ്വകാര്യ ബസ് - ലോറി സമരം
Mar 28, 2013, 21:59 IST
കാസര്‍കോട്: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളും ലോറികളും സര്‍വീസ് നിര്‍ത്തിവെക്കുന്നു.മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് ആഹ്വാന പ്രകാരം രാജ്യത്തെ ബസുകളും ചരക്കുവാഹനങ്ങളും നിര്‍ത്തിവെക്കുന്നതിനോടനുബന്ധിച്ചാണ് കേരളത്തിലും സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കിയതിനുശേഷം യാതൊരു മാനദണ്ഡവുമില്ലാതെ തെറ്റായ ആനുകൂല്യങ്ങളുടെ കണക്ക് പ്രചരിപ്പിച്ച് വര്‍ഷാവര്‍ഷം പ്രീമിയത്തില്‍ വന്‍ വര്‍ധനവ് വരുത്തുന്നത് കീഴ്‌വഴക്കമാക്കിയിരിക്കുകയാണ്. ഡീസല്‍ വിലനിയന്ത്രണം നീക്കിയതോടുകൂടി പ്രതിമാസം വിലവര്‍ധനവിന്റെ ഭാരം താങ്ങാനാവാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സ്വകാര്യ ബസ് മേഖല.
ബസ് സര്‍വീസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ദൈനംദിന ചെലവുകള്‍ ക്രമാതീതമായി വര്‍ധിച്ചതിന്റെ സാഹചര്യത്തില്‍ ഒരു യാത്രക്കാരന് 399 രൂപയായിരുന്ന തേര്‍ഡ് പാര്‍ടി പ്രീമിയം 583 രൂപയായും 6,529 രൂപയായിരുന്ന അടിസ്ഥാന നിരക്ക് 9,532 രൂപയായും വര്‍ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല.17,000 രൂപയുടെ വര്‍ധനവാണ് ഒരു വര്‍ഷത്തേക്ക് ഒരു ബസിന് വരുത്തിയിരിക്കുന്നത്.
അനിയന്ത്രിതമായ അപകട നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നല്‍കുന്നതുവഴി ഉണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ വാഹന ഉടമകളെ സാമ്പത്തികമായി പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനം സംഘടനാതലത്തിലെടുത്തിട്ടുള്ളത്.
ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഐ.ആര്‍.ഡി.എ യുടെ തീരുമാനം റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നും തേര്‍ഡ് പാര്‍ടി ആനുകൂല്യങ്ങള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് പ്രീമിയം വര്‍ധന ഒഴിവാക്കണമെന്നും ഡീസല്‍ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം സമരം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 30 ന് ശനിയാഴ്ച 11 മണിക്ക് കാസര്‍കോട് സ്പീഡ് വെ ഇന്നില്‍ നടക്കുന്ന ബസ് -ലോറി ഉടമകളുടെ സംയുക്ത ജില്ലാ കണ്‍വെന്‍ഷനില്‍ മുഴുവന്‍ വാഹന ഉടമകളും സംബന്ധിക്കണമെന്നും അസോസിയേഷന്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.ഗിരീഷ്, ശ്രീധരന്‍ വയലില്‍, ശങ്കര്‍ നായിക്ക്, പി.എ. മുഹമ്മദ് കുഞ്ഞി,ബി.സി.മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Press meet, Bus, Lorry, Strike, District, Committee, Life insurance Company, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.