Accident | ചിത്താരിയിൽ ബസ് അപകടം; 32 പേർക്ക് പരുക്കേറ്റു
ചിത്താരി: (KasargodVartha) കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിലെ നോർത്ത് ചിത്താരിയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ബസ് അപകടത്തിൽ 32 പേർക്ക് പരുക്ക് പറ്റി.
കുണ്ടംകുഴി സ്വദേശി അബ്ദുൽ കരീമിന്റെ ഭാര്യ അസ്മാബി (41), നീലേശ്വരം സ്വദേശി ദിവാകരൻ (51), ഉദുമയിലെ ജിതിൻ (29), പൊള്ളക്കടയിലെ പ്രഭാകരൻ (56), നീലേശ്വരത്തെ ദാമോദരൻ (68), നോർത്ത് കോട്ടച്ചേരി തുളുച്ചേരി വീട്ടിൽ വന്ദന (31), പള്ളിക്കരയിലെ ആനന്ദന്റെ ഭാര്യ ആശ (50), അജാനൂർ ഇട്ടമ്മലിലെ സി കെ ജാഫർ (40), ഉദുമയിലെ വിജിത്തിന്റെ ഭാര്യ അമിത (31), കൊട്ടിക്കുളത്തെ അബ്ദുൽ ലത്തീഫ് (63), ഗോപിനാഥൻ (74), തളിപ്പറമ്പിലെ അനിൽകുമാർ (47), കീഴൂർ കടപ്പുറത്തെ മുകുന്ദൻ (43), പടന്നക്കാട്ടെ രാമചന്ദ്രന്റെ ഭാര്യ ജയശ്രീ (43) എന്നിവർ അടക്കം 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന വരദായിനി ബസിൽ പിന്നിൽ നിന്ന് കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. നോർത്ത് ചിത്താരി അസീസിയ സ്കൂളിന് സമീപം വച്ച് സംഭവിച്ച ഈ അപകടത്തിൽ രണ്ട് ബസുകളും തകർന്നു.