House Boat | രാജേഷിൻ്റെ ചിരകാലാഭിലാഷം പൂവണിഞ്ഞു; ഹൗസ്ബോട് മാതൃകയിലുള്ള വീടൊരുങ്ങി, പിന്നാലെ ഹൗസ്ബോടും സ്വന്തമാക്കി
കൗതുകമുണർത്തുന്ന വീട് കാണാൻ ധാരാളം ആളുകള്‍ എത്തുന്നുണ്ട്
ചെറുവത്തൂർ: (KasargodVartha) നദികളുടെ നാടായ കേരളത്തില്‍ ജലഗതാഗതം ശക്തമാകാത്തത് എന്തുകൊണ്ടെന്ന ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ചോദ്യവും അനുബന്ധ ചർച്ചകളും പൊടിപൊടിക്കുമ്പോഴാണ് കാസർകോട് ചെറുവത്തൂരിലെ രാജേഷ് പ്രത്യേക ശ്രദ്ധ നേടുന്നത്. ഹൗസ് ബോടുകളോടുള്ള അഭിനിവേശമാണ് രാജേഷിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
വളരെ വർഷങ്ങള്‍ക്കു മുമ്പ്, ഹൗസ്ബോടുകളെക്കുറിച്ച് കാര്യമായി ആരും ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം മുതല്‍ക്കു തന്നെ സ്വന്തമായി ഒരു ഹൗസ്ബോട് വാങ്ങണമെന്ന് രാജേഷ് ആഗ്രഹിച്ചിരുന്നു. പക്ഷേ അക്കാലത്ത് അത് അത്ര പ്രായോഗികമായിരുന്നില്ല. ഊണിലും ഉറക്കത്തിലും ഹൗസ്ബോടുകളെ സ്വപ്നം കണ്ടിരുന്ന അക്കാലം, ഇന്നലെ കഴിഞ്ഞ പോലെ ഓർത്തെടുക്കുന്നുണ്ട് അദ്ദേഹം. അതുകൊണ്ട് എന്താ, സ്വന്തമായി ഒരു വീടു പണിതപ്പോള്‍ അതിനും കൊടുത്തു ഒരു ഹൗസ് ബോട് മുഖം.
എട്ട് വർഷമെടുത്താണ് വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്. സഹോദരങ്ങളടക്കമുള്ള കുടുംബാംഗങ്ങളുടെ പിന്തുണ ആവേശം വർധിപ്പിച്ചു. ഇന്നിപ്പോള്‍ കൗതുകമുണർത്തുന്ന വീട് കാണാൻ ധാരാളം ആളുകള്‍ എത്തുന്നുണ്ട്. മൂന്ന് കിടപ്പുമുറികളുള്ള ഇരുനില വീട്, മുന്നിൽ നിന്ന് പിന്നിലേക്ക് ഒരു യഥാർഥ ഹൗസ്ബോട് തന്നെയായാണ് അനുഭവപ്പെടുക. വീടിൻ്റെ എൻജിനീയറിംഗ്, ഡിസൈൻ ജോലികളിൽ മരുമകളായിരുന്നു പ്രധാന സഹായിയും പിന്തുണയും.
ജീവിതയാത്രക്കിടയില്‍ ബോടുകളോട് അടുക്കുവാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല. അങ്ങനെയൊരു ആവേശത്തിൻ്റെ പുറത്താണ്, ബോട് ക്രൂ പഠനത്തിന് ചേർന്നതും അത് ഓടിക്കാൻ പഠിച്ചതും. 2009ൽ മൂത്ത സഹോദരൻ ഒ വി കൃഷ്ണൻ, ആലപ്പുഴയിൽ നിന്ന് ബോട് നിർമാണ സാമഗ്രികള്‍ വാങ്ങുകയും, അത് കാസർകോട് കോട്ടപ്പുറത്ത് കൊണ്ടുവന്ന് രാജേഷ് അടക്കമുള്ളവർ ചേർന്ന് ഹൗസ് ബോടാക്കി മാറ്റുകയും ചെയ്തിരുന്നു. നിർമാണം പൂർത്തിയായതോടെ കള്ളുചെത്തു ജോലി ഉപേക്ഷിച്ച്, സമ്പൂർണ ബോട് ജീവനക്കാരനായി.
ഇക്കാലയളവിലെല്ലാം തന്നെ ബോടുകളോടുള്ള ഇഷ്ടം കൂടികൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വർഷം, 2023-ൽ സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന്, സ്വന്തമായി ഹൗസ് ബോട് വാങ്ങുകയും ചിരകാലാഭിലാഷം പൂർത്തയാക്കുകയും ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. സ്വന്തമായൊരു ബോട് എന്ന സ്വപ്നം യാഥാർത്ഥ്യമായ ആ നിമിഷം, ജീവിതകാലം മുഴുവൻ തനിക്ക് സന്തോഷവും സംതൃപ്തിയും നല്‍കുമെന്ന് ചെറുപുഞ്ചിരിയോടെ രാജേഷ് പറയുന്നു.