city-gold-ad-for-blogger

സ്വത്ത് തട്ടിയെടുത്തശേഷം ക്രൂരപീഡനം; പട്ടിണിക്കിട്ട് പട്ടിയെകൊണ്ട് കടിപ്പിച്ചു

സ്വത്ത് തട്ടിയെടുത്തശേഷം ക്രൂരപീഡനം; പട്ടിണിക്കിട്ട് പട്ടിയെകൊണ്ട് കടിപ്പിച്ചു
നീലേശ്വരം: സ്വത്ത് തട്ടിയെടുത്തശേഷം പിതൃസഹോദരന്റെ മകനെ ഇളയച്ഛന്‍ വീട്ട് തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ ഇറങ്ങിയോടിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. നീലേശ്വരം തൈക്കടപ്പുറത്തെ പരേതനായ ലക്ഷ്മണന്റെ മകന്‍ ലാല്‍ കിഷോറാണ് (39) ഇളയച്ഛന്റെ പീഡനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടിയത്. വെള്ളിയാഴ്ച വൈകുന്നേരം ബേക്കലില്‍ അലഞ്ഞ് തിരിയുകയായിരുന്ന ലാല്‍ കിഷോറിനെ പോലീസ് രക്ഷപ്പെടുത്തി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലാല്‍കിഷോറിന്റെ പിതാവ് ലക്ഷ്മണന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ലാല്‍കിഷോറും സഹോദരി രേഖയും ലക്ഷ്മണന്റെ അനുജന്‍ മനോഹരനോടൊപ്പം തൈക്കടപ്പുറത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. പിതാവിന്റെ മരണത്തെതുടര്‍ന്ന് ലാല്‍കിഷോറിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഈ സമയത്ത് കിഷോറിന്റെ പേരിലുണ്ടായിരുന്ന സ്വത്ത് മനോഹരന്‍ തന്റെ പേരിലേയ്ക്ക് എഴുതി വാങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷം കിഷോറിനെയും രേഖയേയും തന്റെ വീട്ടില്‍ താമസിപ്പിച്ച് മനോഹരന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.

കിഷോറിനെ വീടിന് പുറത്തേക്ക് പോകാന്‍പോലും മനോഹരന്‍ അനുവദിച്ചിരുന്നില്ല. ഇതിന് ശ്രമിച്ചാല്‍ ലാല്‍കിഷോറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും രണ്ട് വളര്‍ത്തുനായ്ക്കളെകൊണ്ട് കടിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്യും. ഇതിന് പുറമെ വിശ്രമംപോലും അനുവദിക്കാതെ ലാല്‍കിഷോറിനെയും സഹോദരിയെയും കഠിനമായ വീട്ടുജോലികള്‍ ചെയ്യിക്കും. ലാല്‍കിഷോര്‍ പുറത്ത് പോകാതിരിക്കാനായി വീടിന് ചുറ്റും ജയില്‍ മതിലിനെക്കാള്‍ വലിയ മതിലാണ് മനോഹരന്‍ നിര്‍മ്മിച്ചത്.

പീഡനം അസഹ്യമായതോടെ ഇളയച്ഛന്റെയും വീട്ടുകാരുടെയും കണ്ണുവെട്ടിച്ച് ലാല്‍കിഷോര്‍ ഇന്നലെ ഇറങ്ങിയോടുകയായിരുന്നു. ബേക്കലില്‍ കണ്ടെത്തിയ യുവാവിനോട് പോലീസ് കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. മര്‍ദ്ദനവും പട്ടികളുടെ കടിയുമേറ്റ് ദേഹമാസകലം മുറിവുകളുടെ പാടുകളുളള ലാല്‍കിഷോര്‍ പോലീസ് കണ്ടെത്തുമ്പോള്‍ അവശ നിലയിലായിരുന്നു. ഉടന്‍തന്നെ യുവാവിനെ പോലീസ് ജില്ലാശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ ലഭ്യമാക്കുകയാണുണ്ടായത്.

Keywords:  Nileshwaram, Assault, Kasaragod, Assets    

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia