Detained | ഡോളറിൽ ബ്രൗൺഷുഗർ പൊടിയുടെ അംശം; കാസർകോട് സ്വദേശിയെ റാസൽഖൈമ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു
● മൊഗ്രാൽ സ്വദേശിയെ റാസൽഖൈമ എയർപോർട്ട് കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
● മൊഗ്രാൽ സ്വദേശി മുംബൈയിൽ നിന്നാണ് ഡോളർ വാങ്ങിയിരുന്നത്.
● ഡോളർ കൊണ്ടുവരുന്നവർ ശരിക്ക് തുടച്ച് (കൊട്ടി) വേണം കൊണ്ടുവരാനെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മൊഗ്രാൽ സ്വദേശിയെ ഉപദേശിക്കുകയും ചെയ്തു.
ദുബൈ: (KasargodVartha) ഡോളറിൽ ബ്രൗൺഷുഗർ പൊടിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് കാസർകോട് മൊഗ്രാൽ സ്വദേശിയെ റാസൽഖൈമ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഫ്രീ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് തങ്ങാനുള്ള ചിലവിനും, താമസത്തിനും തുക കരുതി വെക്കണമെന്ന നിർദേശം കർശനമാക്കിയതോടെ യുഎയിലേക്ക് പോകുന്നവർ നാട്ടിൽ നിന്നും, മുംബൈയിൽ നിന്നും ഇന്ത്യൻ രൂപ നൽകി അമേരിക്കൻ ഡോളറാണ് കൊണ്ട് പോകാറ്. ഇത് എയർപോർട്ടിൽ വച്ച് കാണിക്കുകയും വേണം.
ഇങ്ങനെ കൊണ്ടുപോയ മൊഗ്രാൽ സ്വദേശിയുടെ ഡോളറിലെ ഒരു കറൻസിയിൽ ബ്രൗൺഷുഗർ പൊടിയുടെ അംശം കണ്ടെത്തിയതാണ് കുരുക്കായത്. ഇത് കറൻസിയിൽ മിക്സ് ചെയ്തതാണെന്ന് പരിശോധന സ്ക്രീനിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മൊഗ്രാൽ സ്വദേശിയെ റാസൽഖൈമ എയർപോർട്ട് കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ നിരപരാധിയാണെന്ന് കണ്ടെത്തി പിന്നീട് വിട്ടയക്കുകയായിരുന്നു. മൊഗ്രാൽ സ്വദേശി മുംബൈയിൽ നിന്നാണ് ഡോളർ വാങ്ങിയിരുന്നത്.
അതേസമയം ഈ സംഭവം ദുബൈയിലോ, ഷാർജയിലോ, അബുദബിയിലോ ആയിരുന്നുവെങ്കിൽ ശിക്ഷ ലഭിക്കുമായിരുന്നുവെന്ന് ഇദ്ദേഹം 'കാസർകോട് വാർത്ത'യോട് പറഞ്ഞു. ഡോളർ കൊണ്ടുവരുന്നവർ ശരിക്ക് തുടച്ച് (കൊട്ടി) വേണം കൊണ്ടുവരാനെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മൊഗ്രാൽ സ്വദേശിയെ ഉപദേശിക്കുകയും ചെയ്തു. ഇത് യുഎഇയിലേക്ക് ഫ്രീ വിസയിൽ പോകുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
#BrownSugar, #RasAlKhaimah, #Customs, #AirportSecurity, #Kasaragod, #UAE