Rescue | വിവാഹ ദിവസം വധു ലിഫ്റ്റിൽ കുടുങ്ങി; സാഹസിക രക്ഷാപ്രവർത്തനം
● അഗ്നിരക്ഷാ സേന എത്തി ലിഫ്റ്റിന്റെ മുകൾഭാഗം മുറിച്ച് രക്ഷപ്പെടുത്തി
● തൃക്കരിപ്പൂർ വടക്കേക്കൊവ്വലിലെ ഓഡിറ്റോറിയത്തിലാണ് സംഭവം
● പതിനെട്ടംഗ സംഘമാണ് ലിഫ്റ്റിൽ കുടുങ്ങിയത്
തൃക്കരിപ്പൂർ: (KasargodVartha) വിവാഹ ദിവസം ലിഫ്റ്റിൽ കുടുങ്ങിയ വധുവിനെയും ബന്ധുക്കളെയും ലിഫ്റ്റിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഡിസംബർ അഞ്ചിന് തൃക്കരിപ്പൂർ വടക്കേക്കൊവ്വലിലെ ഓഡിറ്റോറിയത്തിലാണ് പഴയങ്ങാടി സ്വദേശിനിയായ വധുവടങ്ങുന്ന 18 അംഗ സംഘം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്.
താഴത്തെ നിലയിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് ലിഫ്റ്റിൽ പോകുന്നതിനിടെയാണ് വധുവും സംഘവും പാതിവഴിയിൽ കുടുങ്ങിയത്. ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് ടെക്നീഷ്യനെത്തി ഏറെ നേരം ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെ തൃക്കരിപ്പൂരിലെ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചന്തേര പൊലീസും സ്‌ഥലത്തെത്തി.
അഗ്നിരക്ഷാ സേന പാതി വഴിയിലായ ലിഫ്റ്റിലേക്ക് ഏണിയിറക്കി വെച്ച ശേഷമാണ് വധുവിനെയും ബന്ധുക്കളെയും പുറത്തെത്തിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ വരനുമായിട്ടായിരുന്നു വിവാഹം. ഇത് രണ്ടാം തവണയാണ് ഇതേ ഓഡിറ്റോറിയത്തിൽ ലിഫ്റ്റ് തകരാറിലാകുന്നത് എന്നാണ് പറയുന്നത്.
#KeralaWedding, #LiftAccident, #FireRescue, #WeddingDay, #KeralaNews, #Incident